16 Oct 2023 6:22 AM GMT
Summary
അഴിമതി മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് ഒരു വിസില്‍ ബ്ലോവറായിരുന്നു
ജോലിക്ക് കൈക്കൂലി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 19 ജീവനക്കാരെ പുറത്താക്കി. ഇതിനു പുറമെ ആറ് വെണ്ടര്‍ സ്ഥാപനങ്ങളെയും അവയുടെ ഉടമകളെയും അഫിലിയേറ്റുകളെയും ടിസിഎസ്സുമായി ബിസിനസ്സ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.
ഒക്ടോബര്‍ 15ന് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യം ടിസിഎസ് സൂചിപ്പിച്ചത്.
പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 16 ജീവനക്കാര്‍ക്കെതിരെയും റിസോഴ്‌സ് മാനേജ്‌മെന്റ് ഫങ്ഷനില്‍ നിന്ന് 3 ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചതായിട്ടാണു എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ സൂചിപ്പിച്ചത്.
ജോലിക്ക് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ജൂണിലായിരുന്നു ടിസിഎസ് അന്വേഷണം ആരംഭിച്ചത്.
ടിസിഎസ് പോലുള്ള വന്‍കിട കമ്പനികളിലേക്ക് ആവശ്യമുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്ത് നല്‍കുന്ന സ്റ്റാഫിംഗ് സ്ഥാപനങ്ങളില്‍നിന്ന് ടിസിഎസ്സിലെ സീനിയര്‍ എക്‌സിക്യുട്ടീവുകള്‍ കൈക്കൂലി വാങ്ങുന്നതായി ആരോപണമുണ്ടായിരുന്നു.
റിക്രൂട്ടിംഗ് തലത്തിലുള്ള അഴിമതി ടിസിഎസ് മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് ഒരു വിസില്‍ ബ്ലോവറായിരുന്നു.
ഈ സംഭവം ടിസിഎസ്സിന് സാമ്പത്തികമായി യാതൊരു പ്രത്യാഘാതവും ഏല്‍പ്പിച്ചിട്ടില്ലെന്നു കമ്പനി അറിയിച്ചു.
കരാറുകാരെ വിതരണം ചെയ്യുന്ന ചില ജീവനക്കാരും വെണ്ടര്‍മാരും കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ വിഷയം. ടിസിഎസ്സിന്റെ പ്രധാന മാനേജര്‍മാര്‍ ആരും തന്നെ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു.
' ഒരു ടാറ്റ ഗ്രൂപ്പ് കമ്പനി എന്ന നിലയില്‍, അത്തരം അനീതിപരമായ പെരുമാറ്റങ്ങളോട് ഞങ്ങള്‍ക്ക് സഹിഷ്ണുതയില്ലാത്ത നയമുണ്ട്, ഈ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഞങ്ങളുടെ എല്ലാ പങ്കാളികളും ഞങ്ങളുടെ ജീവനക്കാരും ടാറ്റ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അത് ഞങ്ങളുടെ സമഗ്രതയുടെ അടിസ്ഥാന ശിലയാണ് ' കമ്പനി അറിയിച്ചു.
2023-24 ജൂണ്‍ പാദത്തില്‍ ടിസിഎസ്സില്‍ 6,15,318 ജീവനക്കാരുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് 6,333 കുറഞ്ഞ്, സെപ്റ്റംബര്‍ 30 പാദത്തില്‍ ടിസിഎസിന്റെ ജീവനക്കാര്‍ 6,08,985 ആയി.