23 Feb 2023 10:27 AM GMT
Summary
- 2021 ൽ, ടാറ്റ മോട്ടോഴ്‌സ്, ടിപിജി, എഡിക്യു എന്നി കമ്പനികളിൽ നിന്നുമായി ഇവി യൂണിറ്റിന്റെ വിപുലീകരണത്തിനായി 1 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു.
- 25,000 എക്സ്പ്രസ് -ടി ഇലക്ട്രിക്ക് വാഹനങ്ങളെ മുൻ നിരയിലെത്തിക്കുന്നതിനായി റൈഡ് ഷെയറിംഗ് ആപ്പ് യുബെറുമായി ധാരണപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
പ്രമുഖ കാർ നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ഓഹരി വില്പനയിലൂടെ 1 ബില്യൺ ഡോളർ സമാഹരിക്കാൻ പദ്ധതിയിടുന്നു. രാജ്യത്തെ, കമ്പനിയുടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബിസിനസ് ശക്തിപ്പെടുത്തുന്നതിനായാണ് തുക സമാഹരിക്കുന്നത്. ഇതിനായി സോവറിൻ വെൽത്ത് ഫണ്ടുകളുമായും, മറ്റു സ്വകാര്യ നിക്ഷേപകരുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
യുഎഇ ആസ്ഥാനമായുള്ള അബു ദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (എഡി ഐഎ ), മുബഡാല (Mubadala) ഇൻവെസ്റ്റ്മെന്റ് കമ്പനി, സൗദി അറേബ്യാ ആസ്ഥാനമായുള്ള പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് കമ്പനി, സിംഗപ്പൂരിലെ തമാസ്‌ക് (Tamasek) ഹോൾഡിങ്‌സ്, കെകെആർ, ജനറൽ അറ്റ്ലാന്റിക്ക് എന്നിവരുമായാണ് ചർച്ചകൾ നടത്തുന്നത്. ഏകദേശം 10.5 ബില്യൺ ഡോളറിന്റെ മൂല്യമുള്ള ചെറിയൊരു ശതമാനം ഓഹരികൾ മാത്രമാണ് കമ്പനി വിൽക്കുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
2021 ൽ, ടാറ്റ മോട്ടോഴ്‌സ്, ടിപിജി, എഡിക്യു എന്നി കമ്പനികളിൽ നിന്നുമായി ഇവി യൂണിറ്റിന്റെ വിപുലീകരണത്തിനായി 1 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇവി ബിസിനസിനായി 9 ബില്യൺ മൂല്യ നിർണയത്തിൽ സമാഹരിച്ച തുക അഞ്ചു വർഷത്തിനുള്ളിൽ 2 ബില്ല്യണിലധികം നിക്ഷേപിക്കുമെന്ന് കരാറുണ്ടായിരുന്നു.
ഈ ആഴ്ച, കമ്പനി 25,000 എക്സ്പ്രസ് -ടി ഇലക്ട്രിക്ക് വാഹനങ്ങളെ മുൻ നിരയിലെത്തിക്കുന്നതിനായി റൈഡ് ഷെയറിംഗ് ആപ്പ് യുബെറുമായി ധാരണപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
2021 ലാണ് ടാറ്റ എക്സ്പ്രസ് -ടി ഇവി ഇന്ത്യയിലവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന വിഭാഗത്തിൽ മുന്നിട്ടു നിൽക്കുന്നതിനായി ഇന്ന് വരെ കമ്പനി 50,000 ടാറ്റ ഇവികൾ പുറത്തിറക്കിയിട്ടുണ്ട്.
2021 ജൂലൈയിൽ, ടാറ്റ മോട്ടോഴ്‌സ് ഫ്ലീറ്റ് ഉപഭോക്താക്കൾക്ക് മാത്രമായി 'എക്സ്പ്രസ്' (XPRES) ബ്രാൻഡ് പുറത്തിറക്കി, ഈ ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ വാഹനമാണ് 'എക്സ്പ്രസ് ടി ഇവി' (XPRES-T EV). പുതിയ എക്സ്പ്രസ് ടി (XPRES-T) ഇലക്ട്രിക് സെഡാൻ 2 റേഞ്ച് ഓപ്ഷനുകളിലാണ് അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.