image

29 Feb 2024 8:58 AM

News

കാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

MyFin Desk

കാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്
X

Summary

  • പത്ത് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് പ്രതിരോധിക്കാനുള്ള ഗുളിക കണ്ടെത്തിയത്
  • പാന്‍ക്രിയാസ്, ശ്വാസകോശം, വായ തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്ക് ഈ മരുന്ന് ഫലപ്രദമാണ്


കാന്‍സറിന്റെ തിരിച്ചുവരവ് തടയുന്ന മരുന്ന് വികസിപ്പിച്ചെടുത്തതായി കാന്‍സര്‍ ഗവേഷക ചികിത്സാ കേന്ദ്രമായ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്.

നിലവിലെ സാഹചര്യത്തില്‍ വെറും 100 രൂപയ്ക്ക് ഈ ഗുളിക ലഭ്യമാക്കാനാവുമെന്ന് ടാറ്റാ മെമോറിയല്‍ ആശുപത്രിയിലെ സീനിയര്‍ കാന്‍സര്‍ സര്‍ജന്‍ ഡോ. രാജേന്ദ്ര ബദ് വേ അഭിപ്രായപ്പെട്ടു.

പത്ത് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് കാന്‍സര്‍ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള ഗുളിക കണ്ടെത്തിയതെന്നും കാന്‍സര്‍ ചികിത്സ രംഗത്ത് വലിയൊരു മുന്നേറ്റമാണ് ഇതിലൂടെ നേടിയെടുത്തതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

റേഡിയേഷന്‍, കീമോതെറാപ്പി പോലുള്ള ചികിത്സരീതികളുടെ പാര്‍ശ്വഫലങ്ങളെ 50 ശതമാനം വരെ കുറയക്കുമെന്നും രോഗം വീണ്ടും വരുന്നതിനെ 30 ശതമാനം വരെ പ്രതിരോധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ഗവേഷണത്തിനായി മനുഷ്യരിലെ കാന്‍സര്‍ കോശങ്ങള്‍ എലികളില്‍ കുത്തിവയ്ക്കുകയും ഇതിലൂടെ എലികളില്‍ ട്യൂമര്‍ വളര്‍ത്തുകയും ചെയ്തു. ഈ എലികളെ റേഡിയേഷന്‍ തെറാപ്പിക്കും കീമോതെറാപ്പിക്കും ശസ്ത്രക്രിയയ്ക്കും വിധേയമാക്കി. കാന്‍സര്‍ കോശങ്ങളെ എലികളില്‍ കുത്തിവെച്ച് പ്രോ ഓക്‌സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടു. പാര്‍ശ്വഫലങ്ങള്‍ തടയുന്നതിലുള്ള പരീക്ഷണം മനുഷ്യരിലും വിജയം കണ്ടു.

പാന്‍ക്രിയാസ്, ശ്വാസകോശം, വായ തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്ക് ഈ മരുന്ന് ഫലപ്രദമാണെന്നും, ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റിയുടെ അനുമതിക്കു വേണ്ടി കാത്തിരിക്കുകയാണെന്നും അനുമതി ലഭിക്കുന്നതോടെ ജൂണ്‍-ജൂലൈ മുതല്‍ വിപണിയില്‍ എത്തിക്കുമെന്നും ഡോ. രാജേന്ദ്ര ബദ് വേ പറഞ്ഞു.