16 Aug 2023 11:06 AM GMT
എയർ ഇന്ത്യ എക്‌സ്പ്രസ്‌നെ പല റൂട്ടുകളിൽ നിന്ന് പിൻവലിക്കും, പകരം എയർ ഇന്ത്യ പറക്കും , ആസ്ഥാനം കൊച്ചിയിൽ നിന്ന് മാറ്റും
Jayaprakash K
Summary
യാത്രാ നിരക്ക് കൂടും എയർ ഇന്ത്യ ചെറുനഗരങ്ങളിലേക്കു പറക്കുകയില്ല
ലക്ഷ കണക്കിന് പ്രവാസികളുടെ യാത്ര സ്വപ്ങ്ങളിൽ കരിനിഴൽ വീഴ്ത്തി, എയർ ഇന്ത്യ എക്‌സ്പ്രസ്‌നെ പല റൂട്ടുകളിൽ നിന്നും പിൻവലിക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു. പകരം ഈ റൂട്ടുകളിൽ ഗ്രൂപ്പിന്റെ ചെലവേറിയ എയർ ഇന്ത്യ വിമാനങ്ങൾ പറക്കും. തീരുമാനം ഈ മാസം തന്നെ നിലവിൽ വരും.
എയർ ഇന്ത്യ എക്‌സ്പ്രസ്‌ന്റെ ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗുരുഗ്രാമിലേക്കു മാറ്റാൻ തീരുമാനിച്ചതോടെ, കേരളത്തിനു ടാറ്റ ഗ്രൂപ്പ് ഓണക്കാലത്ത് ഇരട്ട പ്രഹരമാണ് നൽകിയത്. ടാറ്റ സ്വന്തമാക്കിയ ബജറ്റ് എയർലൈനായ എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കും . ഇങ്ങനെ പുതിയ രൂപത്തിൽ വരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യയുടെ ബജറ്റ് എയർ ലൈൻ ആയി പ്രവർത്തിക്കും. ഈ ലയനത്തിന്റെ ഭാഗമായിട്ടാണ് എയർ ഇന്ത്യ എക്‌സ്പ്രസ്‌ന്റെ ആസ്ഥാനം മാറ്റുന്നത്.
ഇപ്പോൾ എയർ ഇന്ത്യ എക്‌സ്പ്രസ് പറക്കുന്ന പല റൂട്ടുകളും ബിസിനസ് ക്ലാസ്സുകളാണെന്നും അവിടെ എയർ ഇന്ത്യ സർവീസ് നടത്തുകയായിരിക്കും കമ്പനിക്കു ലാഭകരം എന്നുമുള്ള ടാറ്റ ഗ്രൂപ്പിന്റെ വിലയിരുത്തലിനെത്തുടർന്നാണ് ഈ തീരുമാനങ്ങൾ എന്നും മുംബയിലെ ചില വൃത്തങ്ങൾ സൂചിപ്പിച്ചു.
കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് പറക്കുന്ന ഏതെല്ലാം റൂട്ടുകളിലാണ് എയർ ഇന്ത്യ സർവീസ് നടത്താൻ പോകുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. എന്നാൽ തിരുവനന്തപുരം , കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്ന എല്ലാ ലാഭകരമായ സർവീസുകളും എയർ ഇന്ത്യക്കു കൈമാറുമെന്നാണ് കൊച്ചിയിലെ ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന. എയർ ഇന്ത്യ ഏറ്റെടുക്കുന്ന റൂട്ടുകളിലെല്ലാം ടിക്കറ്റ് നിരക്ക് കുത്തനെ കൂടുമെന്നു അവർ സൂചന നൽകുന്നു.
ഇനി മുതൽ എയർ ഇന്ത്യ ചെറു നഗരങ്ങളിലേക്ക് പറക്കുകയില്ല. പകരം അവിടെ നിന്നും തിരിച്ചും അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരെ എയർ ഇന്ത്യക്കായി എത്തിക്കുക എന്നതായിരിക്കും എയർ ഇന്ത്യ എക്‌സ്പ്രസ്‌ന്റെ പുതിയ ദൌത്യം. പുതിയ വിപണി തന്ത്രത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസ് ഇനിയും പ്രധാന റൂട്ടുകളിൽ പറക്കുകയില്ല. അതിന്റെ ഭാഗമായി കമ്പനി മുബൈ - ഡൽഹി റൂട്ടിൽ നിന്ന് പിന്മാറും. പകരം ഗോവാ, ഗൗഹാട്ടി, ലക്‌നോ തുടങ്ങിയ ചെറു നഗരങ്ങളിലേക്കു സർവീസ് തുടങ്ങും.
2022 ജനുവരിയിലാണ് , 18000 കോടിക്ക് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ഏറ്റടുക്കുന്നത്. എയർ ഏഷ്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, വിസ്താര എന്നിവയെ പിന്നീട് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുമായി ലയിപ്പിച്ചു.