8 March 2025 9:28 AM IST
Summary
- ഉയര്‍ന്ന താരിഫ് കാരണം ഇന്ത്യയുമായുള്ള വ്യാപാരം അസാധ്യമാകും
- കാനഡയും യൂറോപ്യന്‍ യൂണിയനും യുഎസിനെ ചൂഷണം ചെയ്യുന്നു
- അമേരിക്കന്‍ പാലുല്‍പ്പന്നങ്ങള്‍ക്ക് കാനഡ 250 ശതമാനം തീരുവ ചുമത്തുന്നു
ഇന്ത്യയുടെ ഇറക്കുമതി നികുതിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉയര്‍ന്ന താരിഫ് കാരണം ഇന്ത്യക്ക് എന്തെങ്കിലും വില്‍ക്കുക എന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയതലത്തില്‍ സംപ്രേഷണം ചെയ്ത ഒരു ടെലിവിഷന്‍ പ്രസംഗത്തിലാണ് ട്രംപ് ഇന്ത്യയെ കടന്നാക്രമിച്ചത്.
എന്നാല്‍ ഇന്ത്യ തങ്ങളുടെ തീരുവ ഗണ്യമായി കുറയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ലെവി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ പരസ്പര താരിഫ് ഏര്‍പ്പെടുത്താന്‍ യുഎസ് തയ്യാറെടുക്കുന്നതിനിടെയാണ് ഈ സംഭവവികാസം.
ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ ഇറക്കുമതി തീരുവയെ ട്രംപ് വിമര്‍ശിച്ചിരുന്നു.
ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പരസ്പര താരിഫുകള്‍ യുഎസ് വ്യാപാര നയത്തില്‍ ഒരു പ്രധാന മാറ്റത്തെ അടയാളപ്പെടുത്തും. മറ്റ് രാജ്യങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന താരിഫ് ഭരണകൂടങ്ങളുള്ള രാജ്യങ്ങള്‍, മുതലെടുക്കുന്നത് യുഎസ് ഇനി സഹിക്കില്ലെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു.
കൂടാതെ, കാനഡയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.
അമേരിക്കന്‍ പാലുല്‍പ്പന്നങ്ങള്‍ക്ക് കാനഡ 250 ശതമാനം തീരുവ ചുമത്തുന്നതിനെ ട്രംപ് പ്രത്യേകമായി പരാമര്‍ശിച്ചു. ഇത് തികച്ചും അന്യായമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
'തടികള്‍ക്കും പാലുല്‍പ്പന്നങ്ങള്‍ക്കും ഉള്ള തീരുവയുടെ പേരില്‍ കാനഡ വര്‍ഷങ്ങളായി നമ്മളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഇരുനൂറ്റമ്പത് ശതമാനം. ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. അവര്‍ അത് ഉപേക്ഷിച്ചില്ലെങ്കില്‍ അവര്‍ക്ക് അതേ താരിഫ് തന്നെ നേരിടേണ്ടിവരും,' ട്രംപ് പറഞ്ഞു. യുഎസിനെ മുതലെടുക്കുന്നതിനാണ് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഫെബ്രുവരിയില്‍ ട്രംപ് കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയും ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവയും പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. എന്നാല്‍ കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. ഇതില്‍ മെക്‌സിക്കോയ്ക്ക് ആണ് ട്രംപ് ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. കാനഡ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നു.
അതേസമയം ഇന്ത്യയുടെ കാര്‍ഷിക മേഖലയിലെ വ്യാപാരം തുറക്കേണ്ടതിന്റെ ആവശ്യകത യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ കാര്‍ഷിക വ്യാപാരം അടച്ചുപൂട്ടിയിരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഒരു കോണ്‍ക്ലേവില്‍ വെര്‍ച്വലായി പറഞ്ഞു.