9 Aug 2023 7:19 AM GMT
Summary
- ഈ വര്‍ഷം അവസാനത്തോടെ ഇടപാട് പൂര്‍ത്തിയാകും
- ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൈക്രോഫിനാന്‍സ് സ്ഥാപനമായി സ്വതന്ത്ര മാറും
- സ്വതന്ത്ര ചൈതന്യയ്ക്ക് അനുയോജ്യമാണെന്ന് സച്ചിന്‍ ബന്‍സാല്‍
സച്ചിന്‍ ബന്‍സാല്‍ പിന്തുണയ്ക്കുന്ന ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡിനെ അനന്യ ബിര്‍ളയുടെ സ്വതന്ത്ര സ്വന്തമാക്കുന്നു. 1479 കോടിരൂപയുടേതാണ് ഇടപാട്. നവി ഗ്രൂപ്പിന്റെ (നവി) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്. ഏറ്റെടുക്കല്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് കമ്പനി അറിയിച്ചു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാനും കോടീശ്വരനുമായ കുമാരമംഗലം ബിര്‍ളയുടെ മൂത്ത മകളാണ് സ്വതന്ത്രയുടെ സ്ഥാപകയും ചെയര്‍പേഴ്സണുമായ അനന്യ.
ഇരുപതു സംസ്ഥാനങ്ങളിലായി 1,517 ശാഖകള്‍ വഴി 3.6 ദശലക്ഷത്തിലധികം സജീവ ഉപഭോക്താക്കളുള്ള കമ്പനിയാണ് ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്. ഈ തന്ത്രപരമായ ഏറ്റെടുക്കല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൈക്രോഫിനാന്‍സ് സ്ഥാപനമായി സ്വതന്ത്രയെ വളര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാനേജ്മെന്റിന് കീഴിലുള്ള (എയുഎം) സംയോജിത ആസ്തി 12,409 കോടി രൂപയായി ഉയരുമെന്നാണ് കരുതുന്നത്.
സ്വതന്ത്രയുടെ സ്ഥാപകയും ചെയര്‍പേഴ്സണുമായ അനന്യ ബിര്‍ള, ഇന്ത്യന്‍ മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ പരിവര്‍ത്തനപരമായ പങ്ക് ഊന്നിപ്പറഞ്ഞു. 'നിര്‍ദിഷ്ട ഏറ്റെടുക്കല്‍ സ്വതന്ത്രയെ ഒരു സുപ്രധാന നേതൃസ്ഥാനത്തേക്ക് നയിക്കും. വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയിലൂടെ ഇടപാടുകാർക്ക് വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്' അനന്യ പറയുന്നു.
നവി ചെയര്‍മാനും സിഇഒയുമായ സച്ചിന്‍ ബന്‍സാല്‍, നിര്‍ദിഷ്ട വില്‍പ്പനയില്‍ സംതൃപ്തി രേഖപ്പെടുത്തി. ചൈതന്യയുടെ ശ്രദ്ധേയമായ വളര്‍ച്ച അദ്ദേഹം എടുത്തുപറഞ്ഞു. ഇത് നാല് വര്‍ഷത്തിനിടെ ആറിരട്ടിയോളമാണ് വര്‍ധിച്ചത്. കമ്പനി ഗ്രാമീണ ഇന്ത്യയിലേക്ക് വായ്പാ സൗകര്യം പ്രദാനം ചെയ്തു. ഇരു ടീമുകളുടെയും സംയോജിത വൈദഗ്ധ്യത്തിന് കീഴില്‍ തുടര്‍ച്ചയായ വളര്‍ച്ചയും അഭിവൃദ്ധിയും അദ്ദേഹം പ്രതീക്ഷിക്കുന്നു. അദ്ദേഹം സ്വതന്ത്രയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുകയും ചെയ്തു.
നവിയുടെ എക്സ്‌ക്ലൂസീവ് ഫിനാന്‍ഷ്യല്‍ അഡൈ്വസറായി സേവനമനുഷ്ഠിക്കുന്ന ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡായിരുന്നു ഈ ഇടപാടിന്‍റെ ഉപദേശകർ.
2023 മാര്‍ച്ചിലെ കണക്കനുസരിച്ച്, മൈക്രോഫിനാന്‍സ് മേഖലയിലെ മൊത്തം ലോണ്‍ പോര്‍ട്ട്ഫോളിയോ അഞ്ച് ലക്ഷം കോടി രൂപ കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇത് 130 ദശലക്ഷത്തിലധികം വായ്പക്കാര്‍ക്ക് സേവനം നല്‍കുന്നു.
'സ്വതന്ത്ര, ചൈതന്യയ്ക്ക് അനുയോജ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, രണ്ട് ടീമുകളുടെയും സംയോജിത വൈദഗ്ധ്യംയുടെ കമ്പനി വളർച്ചയും അഭിവൃദ്ധിയും ഉറപ്പാക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വളര്‍ച്ച കൈവരിക്കാന്‍ ടീം നടത്തിയ കഠിനാധ്വാനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു', സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു.