image

21 March 2024 12:25 PM GMT

News

ഫാക്റ്റ് ചെക്കിംഗ് യൂണിറ്റ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

MyFin Desk

supreme court says check for centres fact check
X

Summary

  • വാര്‍ത്തകളും ഉള്ളടക്കങ്ങളും വ്യാജമെന്നു അടയാളപ്പെടുത്തിയാല്‍ അവ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നീക്കം ചെയ്യേണ്ടി വരും
  • വ്യാജ വാര്‍ത്തകള്‍ തടയുന്നതിനാണ് ഫാക്റ്റ് ചെക്കിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതെന്നാണു കേന്ദ്രം പറയുന്നത്
  • 2019 നവംബര്‍ 29 ന് പിഐബി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഫാക്റ്റ് ചെക്കിംഗ് യൂണിറ്റ് സ്ഥാപിക്കുന്ന കാര്യം ആദ്യമായി പ്രഖ്യാപിച്ചത്


സര്‍ക്കാരുമായി ബന്ധപ്പെട്ട ഉള്ളടക്കം, വാര്‍ത്ത എന്നിവയുടെ വസ്തുത പരിശോധിച്ച് ഉറപ്പാക്കാന്‍ (ഫാക്റ്റ് ചെക്കിംഗ്) പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിനു സുപ്രീം കോടതിയുടെ സ്റ്റേ. അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞത്. അതേസമയം കേസിന്റെ മെറിറ്റിനെക്കുറിച്ച് കോടതി പ്രതികരിച്ചില്ല.

ഫാക്റ്റ് ചെക്കിംഗിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഫാക്റ്റ് ചെക്ക് യൂണിറ്റ് ആരംഭിക്കുമെന്ന വിജ്ഞാപനത്തിനാണ് സുപ്രീം കോടതി സ്റ്റേ. വിജ്ഞാപനം പുറത്തിറങ്ങി 24 മണിക്കൂര്‍ തികയും മുമ്പാണ് സ്റ്റേ.

ഇതുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ കേസ് ഉണ്ട്. അതില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതു വരെയാണ് ഇപ്പോള്‍ സുപ്രീം കോടതി സ്റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗെയ്ഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 ന് ചില ഭേദഗതികള്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരുന്നു.ഫാക്റ്റ് ചെക്ക് യൂണിറ്റ് സ്ഥാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട് ഈ ഭേദഗതി.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഉള്ളടക്കങ്ങളും വ്യാജമെന്നു പിഐബിയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ് അടയാളപ്പെടുത്തിയാല്‍ അവ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നീക്കം ചെയ്യേണ്ടി വരും.

ഫാക്റ്റ് ചെക്ക് യൂണിറ്റ് സ്ഥാപിച്ചു കൊണ്ടു കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്ത, ഉള്ളടക്കം എന്നിവയുടെ വസ്തുതാ പരിശോധന (ഫാക്റ്റ് ചെക്കിംഗ്) നടത്താനുള്ള നീക്കത്തിനെതിരേ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കാമ്ര എന്നിവരാണു സുപ്രീം കോടതിയെ സമീപിച്ചത്.

കേന്ദ്രം പറയുന്നത്

പൊതു താല്‍പര്യം മുന്‍നിര്‍ത്തി വ്യാജ വാര്‍ത്തകള്‍ തടയുന്നതിനാണ് ഫാക്റ്റ് ചെക്കിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതെന്നാണു കേന്ദ്രം പറയുന്നത്.

ഫാക്റ്റ് ചെക്കിംഗ് യൂണിറ്റ് വസ്തുതകള്‍ പരിശോധിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും അതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അത്തരം തീരുമാനങ്ങളെ കോടതികളില്‍ ചോദ്യം ചെയ്യാനുള്ള അവസരമുണ്ടായിരിക്കുമെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ഫാക്റ്റ് ചെക്കിംഗ് യൂണിറ്റുമായി ബന്ധപ്പെട്ട 3 കാര്യങ്ങള്‍

- 2019 നവംബര്‍ 29 ന് പിഐബി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഫാക്റ്റ് ചെക്കിംഗ് യൂണിറ്റ് സ്ഥാപിക്കുന്ന കാര്യം ആദ്യമായി പ്രഖ്യാപിച്ചത്.

- ഫാക്റ്റ് ചെക്കിംഗ് യൂണിറ്റ്, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ (ഐഐഎസ്) സീനിയര്‍ ഡയറക്ടര്‍ ജനറല്‍/അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ തലത്തിലുള്ള ഓഫീസറുടെ നേതൃത്വത്തിലാണു പ്രവര്‍ത്തിക്കുക.അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളിലുള്ള ഐഐഎസ് ഓഫീസര്‍മാരാണ് കൈകാര്യം ചെയ്യുക.

- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗെയ്ഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 ന് കേന്ദ്ര സര്‍ക്കാര്‍ ചില ഭേദഗതികള്‍ 2023-ല്‍ വരുത്തുകയുണ്ടായി. സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാജമോ, തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഓണ്‍ലൈന്‍ ഉള്ളടക്കം ഫഌഗു ചെയ്യാന്‍ (നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുക) ഒരു ഫാക്റ്റ് ചെക്ക് യൂണിറ്റിന് അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി.