9 April 2025 3:28 PM IST
സംസ്ഥാനത്ത് വിഷു-ഈസ്റ്റർ ഫെയറുകൾ നാളെ മുതൽ ആരംഭിക്കും. ഏപ്രിൽ 19 വരെയാണ് എല്ലാ താലൂക്കിലെയും ഒരു പ്രധാന വിൽപ്പനശാല സപ്ലൈകോ വിഷു - ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. ഏപ്രിൽ 14 വിഷു ദിനവും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും.
ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 285 രൂപ വരെ മാർക്കറ്റിൽ വിലയുള്ള വെളിച്ചെണ്ണ 242 രൂപക്കാണ് നൽകുന്നത്. അതുപോലെ മറ്റ് 13 നിത്യോപയോഗ സാധനങ്ങൾ 35 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. സബ്സിഡി സാധനങ്ങൾക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും നൽകുന്നുണ്ട്.
സപ്ലൈകോ വിഷു - ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 5. 30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. അഡ്വ. ആന്‍റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി ബി നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും.