23 Oct 2023 12:10 PM
Summary
- 13 സബ്സിഡി ഇനങ്ങൾക്കും സബ്സിഡി ഇല്ലാത്ത 28 ഇനങ്ങൾക്കും വില കൂട്ടണമെന്നാണ് ആവശ്യം.
- സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണം
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് 13 സബ്‌സിഡി ഇനങ്ങൾ ഉൾപ്പെടെ 41 സാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിന് കത്ത് നൽകി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.പതിനൊന്നു വർഷമായി കിട്ടാനുള്ള കുടിശ്ശിക 1525 കോടി രൂപയാണ്.വിപണി ഇടപെടലിന് പ്രതിവർഷം 300 കോടിയെങ്കിലും ചിലവിടേണ്ട സ്ഥാനത്ത് നൽകുന്നത് 140 കോടി രൂപ മാത്രമെന്നാണ് പരാതി. കടല,ചെറുപയർ,മുളക്,മല്ലി,ഉഴുന്ന് ,പഞ്ചസാര ,അരി ,പച്ചരി , ഉൾപ്പെടെ ഏഴ് വർഷമായി വിലകൂടാത്ത 13 സബ്സിഡി ഇനങ്ങൾക്കും സബ്സിഡി ഇല്ലാത്ത 28 ഇനങ്ങൾക്കും വില കൂട്ടണമെന്നാണ് ആവശ്യം.
സപ്ലൈകോ എംഡി ഭക്ഷ്യ മന്ത്രിക്ക് നൽകിയ കത്തിൽ പ്രധാനമായും പറയുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. കിറ്റ് വിതരണം ഉൾപ്പെടെ ചിലവാക്കിയ 1500 കോടിയോളം രൂപ സർക്കാർ നൽകാനുണ്ട്. വിതരണക്കാർക്ക് 600 കോടി രൂപ കടമാണ്. അതിനാൽ പലരും സാധനങ്ങൾ നല്കാൻ തയ്യാറാകുന്നില്ല.അതുകൊണ്ട് കടം വീട്ടാനുള്ള പണം അനുവദിക്കുകയോ അല്ലെങ്കിൽ വില വർധിപ്പിക്കുകയോ വേണമെന്നാണ് സപ്ലൈകോയുടെ ആവശ്യം.
സബ്സിഡി സാധനങ്ങൾ വാങ്ങാനെത്തുന്നവർ മറ്റുള്ളവ കൂടി വാങ്ങിയാലേ വിപണിയിൽ പിടിച്ചു നിൽക്കാനാവു. സപ്ലൈകോ എംഡിയുടെ കത്ത് തീരുമാനം എടുക്കാതെ ഭക്ഷ്യ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി.