18 Oct 2023 6:54 AM GMT
Summary
2023-24 സീസണില്‍ ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം 3.3 ശതമാനം ഇടിഞ്ഞു
ഇന്ത്യയുടെ പഞ്ചസാര കയറ്റുമതിക്കുള്ള നിയന്ത്രണം നീട്ടി. ഇന്ന് (ഒക്ടോബര്‍ 18) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചതാണ് ഇക്കാര്യം.
ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര കയറ്റുമതി രാജ്യമായ ഇന്ത്യ, പഞ്ചസാരയുടെ കയറ്റുമതിക്കുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത് 2023 ഒക്ടോബര്‍ 31 വരെയായിരുന്നു. ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.
മണ്‍സൂണ്‍ കാലം മോശമായതിനാല്‍ എല്ലാത്തരം പഞ്ചസാരയുടെയും കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിട്ടാണ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ cxl,trq (താരിഫ് നിരക്ക് ക്വാട്ട) ഡ്യൂട്ടി കണ്‍സെഷന്‍ ക്വാട്ടകള്‍ക്ക് കീഴില്‍ യൂറോപ്, യുഎസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പഞ്ചസാരയ്ക്കു നിയന്ത്രണങ്ങള്‍ ബാധകമായിരിക്കില്ലെന്നു ഡിജിഎഫ്ടി അറിയിച്ചു.
പഞ്ചസാരയുടെ അനിയന്ത്രിതമായ കയറ്റുമതി തടയുന്നതിനും ആഭ്യന്തരതലത്തിലുള്ള ഉപഭോഗത്തിനു മിതമായ വിലയ്ക്കു പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണു കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണു ഡിജിഎഫ്ടി അറിയിച്ചത്.
മഹാരാഷ്ട്രയിലെയും ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയിലെയും ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്‍പ്പാദിപ്പിക്കുന്ന ജില്ലകളില്‍ മണ്‍സൂണ്‍ മഴ, ഈ വര്‍ഷം ഇതുവരെ ശരാശരി 50 ശതമാനത്തിലും താഴെയാണ് ലഭിച്ചത്. ഇത് പഞ്ചസാര ഉല്‍പ്പാദനത്തിനു തിരിച്ചടിയാണ്.
2023-24 സീസണില്‍ ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം 3.3 ശതമാനം ഇടിഞ്ഞ് 31.7 ദശലക്ഷം ടണ്ണായെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ അറിയിച്ചു.