19 Oct 2023 11:11 AM IST
Summary
2024 ഫെബ്രുവരിയോടെ ഫുഡ് സ്ട്രീറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും
സംസ്ഥാനത്തെ ആദ്യ ' ഫുഡ് സ്ട്രീറ്റ് ' കൊച്ചിയില്‍ തേവരയിലുള്ള കസ്തൂര്‍ബ നഗറില്‍ സ്ഥാപിക്കും. ഒക്ടോബര്‍ 11ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ഭരണാനുമതി പദ്ധതിക്ക് ലഭിച്ചു. ഇനി പിഡബ്ല്യുഡിയുടെ സാങ്കേതികാനുമതിയാണ് ലഭിക്കാനുള്ളത്.
2024 ഫെബ്രുവരിയോടെ ഫുഡ് സ്ട്രീറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സംസ്ഥാനത്തെ ആദ്യ ' ഫുഡ് സ്ട്രീറ്റ് ' ആയിരിക്കും ഇത്.
രാജ്യത്തുടനീളം 100 ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണു കൊച്ചിയിലും ഇത്തരത്തില്‍ ഒരെണ്ണം സ്ഥാപിക്കുന്നത്.
തേവരയില്‍ സിഎംഎഫ്ആര്‍ഐ പാര്‍പ്പിട സമുച്ചയത്തിനു സമീപമുള്ള ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ജിസിഡിഎ) സ്ഥലത്താണു ഫുഡ് സ്ട്രീറ്റ് വരുന്നത്. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഓപ്പണ്‍ ഡൈനിംഗ് ഏരിയയും ഉണ്ടാകും.
ജിഡിസിഎയുടെ നേതൃത്വത്തിലായിരിക്കും ഫുഡ് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കിയോസ്‌ക്കുകള്‍ ലേലം ചെയ്യുക. ഓരോ കിയോസ്‌ക്കുകളിലും വ്യത്യസ്ത ഭക്ഷണങ്ങളുണ്ടായിരിക്കും. ജംഗ് ഫുഡ് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനാണു തീരുമാനിച്ചിരിക്കുന്നത്.
ഭക്ഷണത്തോടൊപ്പം വിനോദത്തിനുള്ള സൗകര്യവും കൂടി ഇവിടെ ഒരുക്കാന്‍ പദ്ധതിയുണ്ട്. 1.35 കോടി രൂപ പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്.