image

11 Nov 2023 12:50 PM GMT

News

പൊതുമേഖലെയെ കുറിച്ച് സംസ്ഥാനം നൽകുന്ന ചിത്രം വിചിത്രം!

C L Jose

The picture given by the state about the public sector is strange
X

Summary

2021-22 വര്‍ഷത്തില്‍ ഈ കമ്പനികള്‍ നേടിയ മൊത്തം ലാഭം 1570 കോടി രൂപയാണ്. രേഖപ്പെടുത്തിയ മൊത്തം നഷ്ടമാകട്ടെ 3,289 കോടി രൂപയും


സര്‍ക്കാര്‍ സംസ്ഥാന പൊതു മേഖല സ്ഥാനങ്ങളുടെ പ്രകടനത്തെക്കുറിച്ച് ചില പ്രത്യേക കമ്പനികളെ എടുത്തുകാട്ടി മികച്ച ഒരു ചിത്രം അവതരിപ്പിക്കാൻ കഷ്ടപ്പെടുമ്പോള്‍, വസ്തുതകള്‍ വെളിപ്പെടുത്തുന്നത് സത്യം മറ്റൊന്നാണെന്നാണ്

വിരലിലെണ്ണാവുന്ന കമ്പനികളൊഴികെ സംസ്ഥാനത്തെ മിക്ക പൊതുമേഖല സ്ഥാപനങ്ങളും (എസ്എല്‍പിഇ) . കുറെ പേര്‍ക്ക് തൊഴിൽ നൽകുന്നുണ്ട് എന്നതൊഴിച്ചാൽ , ഇവയെല്ലാം വെറും പണം വിഴുങ്ങി പ്രസ്ഥാനങ്ങളാണ്.

2021-22 വര്‍ഷത്തില്‍ ഈ കമ്പനികള്‍ നേടിയ മൊത്തം ലാഭം 1570 കോടി രൂപയാണ്. അപ്പോള്‍ രേഖപ്പെടുത്തിയ മൊത്തം നഷ്ടമാകട്ടെ 3,289 കോടി രൂപയും. അങ്ങനെ 2022 സാമ്പത്തിക വര്‍ഷത്തില്‍ ഈ സ്ഥാപനങ്ങളുടെ അറ്റ നഷ്ട൦ 1719 കോടി യിലെത്തി

ചരിത്രപരമായി ഈ കമ്പനികളില്‍ ഭൂരിഭാഗവും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ സാമ്പത്തിക പ്രസ്താവനകള്‍ (വാർഷിക ലാഭ -നഷ്ട കണക്കുകൾ) സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടാറാണ് പതിവ്. അതുകൊണ്ട് തന്നെ 2023 സാമ്പത്തിക വര്‍ഷത്തെ പ്രസ്താവനകള്‍ ലഭ്യമല്ല. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ (സിഎജി) എതിര്‍പ്പിനെത്തുടര്‍ന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ കെഎസ്ഇബിയുടെ ലാഭ-നഷ്ട കണക്കുകൾ പുനഃക്രമീകരിക്കേണ്ടി വന്നു. അതോടെ 2022 ലെ കെ എസ് ഇ ബി യുടെ രജിസ്റ്റര്‍ ചെയ്ത 736.47 കോടി രൂപയുടെ ലാഭം പിന്നീട് വെറും 97.66 കോടി രൂപയായി കുറഞ്ഞു. ഇതോടെ കെ എസ് ഇ ബി യുടെ ലാഭത്തിൽ 638.81 കോടി കുറഞ്ഞു.ഇത് കൂടി കണക്കിലെടുക്കുമ്പോൾ പൊതുമേഖലാ താപനങ്ങളുടെ 2022 ലെ അറ്റ നഷ്ടം 2358 കോടി രൂപയായി ഉയര്‍ന്നു.

വര്‍ഷങ്ങളായി ഈ പൊതുമേഖല സ്ഥാപനങ്ങള്‍ വരുത്തുന്ന നഷ്ടം ( സഞ്ചിത നഷ്ടം ) 2022 സാമ്പത്തിക വര്‍ഷാവസാനത്തോടെ 33,112.59 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഈ 131 പൊതുമേഖല സ്ഥാപനങ്ങളുടെ മൊത്തം അറ്റ മൂല്യം 17,169 കോടി നെഗറ്റിവ് ആയി മാറി, അതായത് അവരുടെ അറ്റ ഓഹരി മൂലധനം പൂര്‍ണ്ണമായും ഇല്ലാതായി, മാത്രമല്ല അത് ഈ പരിധി വരെ നെഗറ്റീവ് ആവുകയും ചെയ്തു.

ഇതിന് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും.

100 ൽ അധികം വരുന്ന കമ്പനികളുടെ പ്രവർത്തനത്തിന് , ഓരോ വര്‍ഷവും സര്‍ക്കാര്‍ അതിന്റെ കരുതല്‍ ധനത്തില്‍ (കിറ്റി) നിന്നുമാണ് ഉയര്‍ന്ന തുക നല്‍കുന്നത്. ഈ കമ്പനികളുടെ മൊത്തം പെയ്ഡ് അപ്പ് മൂലധനം 21,709 കോടി രൂപയാണെങ്കിലും, ഈ കമ്പനികളില്‍ ഇതുവരെ നടത്തിയ സാമ്പത്തിക നിക്ഷേപം 2022 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 62,262 കോടി രൂപയായാണ് കണക്കാക്കുന്നത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഈ പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് പിന്തുണ ഏകദേശം 1030 കോടി രൂപയാണ്, അതേസമയം 2021-22 ല്‍ ഈ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാരില്‍ നിന്ന് ലഭിച്ച സബ്‌സിഡികള്‍ അല്ലെങ്കില്‍ ഗ്രാന്റുകള്‍ 1,753 കോടി രൂപയുടേതാണ്.

ബിവറേജസ് കോര്‍പറേഷന്റെ വിഹിതം 'ഉയര്‍ന്ന്'

പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാന ഖജനാവിലേക്ക് 13,032 കോടി രൂപ സംഭാവന ചെയ്തത് അല്‍പ്പം തെറ്റിദ്ധാരണാജനകമാണ്, ഇതില്‍ 97.50 ശതമാനവും അതായത് 12,705 കോടി രൂപ കേരള സ്റ്റേറ്റ് ബിവറേജസ് (എം ആന്‍ഡ് എം) കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന ഒരൊറ്റ സ്ഥാപനത്തില്‍ നിന്നാണ്. ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പ്പന നികുതിയായി വന്‍ തുക സര്‍ക്കാരിന് സംഭാവന ചെയ്തപ്പോള്‍ കോര്‍പ്പറേഷന് 2022 സാമ്പത്തിക വര്‍ഷത്തില്‍ ലാഭമായി 16.71 കോടി രൂപ മാത്രമാണ് നേടാനായത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 289.33 കോടി രൂപയുടെ അറ്റനഷ്ടവും മുന്‍ വര്‍ഷം 86.32 കോടി രൂപയുടെ നഷ്ടവുമാണ് ബിവറേജസ് കോര്‍പറേഷന്‍ റിപ്പോര്ട്ട് ചെയ്തത്.

എന്തുകൊണ്ടാണ് കോര്‍പറേഷന്‍ അധികം ലാഭം നേടാത്തത്

സംസ്ഥാന ഖജനാവിലേക്ക് വര്‍ഷം തോറും ആയിരക്കണക്കിന് കോടി രൂപ കൈമാറുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ സ്വന്തം നേട്ടത്തിനായി അര്‍ത്ഥവത്തായ ലാഭമൊന്നും ഉണ്ടാക്കാത്തത് എന്തുകൊണ്ടാണ് എന്നതാണ് വിപണിയെ ആശയക്കുഴപ്പത്തിലാക്കുന്നത്.

ഇവിടെ ഒരു പ്രശ്‌നമുണ്ട്. കോർപറേഷന്റെ ലാഭ൦ കൂടിയാൽ , അതിനു വലിയ കോര്‍പ്പറേറ്റ് നികുതി നല്‍കണം എന്ന ഘടകമുണ്ട്. അതിനാല്‍ ഈ നികുതിയുടെ വലിയൊരു ഭാഗം അനിവാര്യമായും കേന്ദ്രത്തിലേക്ക് പോകും.

സംസ്ഥാനം ഇവിടെ ചെയ്തത് വില വര്‍ധിപ്പിച്ച് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ലാഭം നേടുന്നതിന് പകരം കോര്‍പ്പറേഷന്‍ ലാഭവിഹിതം വളരെ കുറവാക്കി 251 ശതമാനം വരെ ഉയര്‍ന്ന വില്‍പ്പന നികുതി ചുമത്തുകയാണ് ചെയ്തത്. ഈ വിൽപ്പന നികുതി മുഴുവൻ സംസ്ഥാനത്തിന്റെ ഖജനാവിലേക്കാണ് എത്തുക.