30 Oct 2023 8:35 AM
Summary
- 2022ല്‍ വനിതാസ്റ്റാര്‍ട്ടപ്പുകള്‍ 18 ശതമാനം മാത്രമാണ്
- യൂണികോണുകളിലും ലിംഗവ്യത്യാസം പ്രകടം
- വനിതാ സ്ഥാപകയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ സ്ത്രീകളുടെ ശതമാനം കൂടുതല്‍
ഇന്ത്യയില്‍ സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വിഹിതം മേഖലയുടെ വളര്‍ച്ചക്കൊപ്പം നല്‍ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. 2016 -ല്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ആറായിരത്തോളം ആയിരുന്നു. 2022 ല്‍ഇത് 80000 ആയി വര്‍ധിച്ചിരുന്നു.
2017-ല്‍, സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ മൊത്തം 10 ശതമാനം മാത്രമായിരുന്നു. 2022-ല്‍ ഇത് വളര്‍ന്നത 18 ശതമാനമായി മാത്രമാണ്. ഓരോ അഞ്ച് സ്റ്റാര്‍ട്ടപ്പുകളിലും ഒന്നില്‍ താഴെ എന്നതാണ് കണക്ക്. യുണികോണ്‍സിന്റെ കാര്യത്തില്‍ ഈ ലിംഗ വ്യത്യാസം കൂടുതല്‍ പ്രകടമാണ്.
മക്കിന്‍സിയുടെയും ഉദൈതി ഫൗണ്ടേഷന്റെയും പങ്കാളിത്തത്തോടെ എസിടി എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ 'വിമന്‍ ഇന്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം' റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയത്.
തൊഴില്‍ തലങ്ങളിലുടനീളമുള്ള ലിംഗ വൈവിധ്യങ്ങള്‍ മനസിലാക്കാനും സ്ത്രീകളുടെ പങ്കാളിത്തം മെച്ചപ്പെടുത്താന്‍ സഹായിച്ച മികച്ച സമ്പ്രദായങ്ങളെ ശ്രദ്ധിക്കാനും റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നു. 200-ലധികം സ്റ്റാര്‍ട്ടപ്പുകള്‍, 111 സ്ഥാപകര്‍, 117 ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍മാര്‍ (സിഎച്ച്ആര്‍ഒ), 755 സ്റ്റാര്‍ട്ടപ്പ് ജീവനക്കാര്‍ എന്നിവരുടെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 2017-ല്‍ യുണികോണുകളില്‍ 8 ശതമാനം മാത്രമേ ഒരു വനിതാ സ്ഥാപകയുണ്ടായിരുന്നുള്ളൂ, അത് 2022-ല്‍ 17 ശതമാനമായി വര്‍ധിച്ചു.
2022ല്‍ 8.6 ലക്ഷം വരുന്ന സ്റ്റാര്‍ട്ടപ്പ് തൊഴിലാളികളില്‍ 35 ശതമാനവും സ്ത്രീകളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ 2030 ഓടെ ഈ അനുപാതം 50 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. ഇത് സ്റ്റാര്‍ട്ടപ്പുകളില്‍ സ്ത്രീകള്‍ക്ക് രണ്ട് ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
ഒരു സ്റ്റാര്‍ട്ടപ്പില്‍ വനിതാ മേധാവി ഉണ്ടാകുന്നതിന്റെ ഒന്നിലധികം നേട്ടങ്ങള്‍ റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു. ലിംഗ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളോട് സംവേദനക്ഷമതയുള്ള നയങ്ങള്‍ നടപ്പിലാക്കുന്നതിനും വനിതാമേധാവി ഉള്ളത് നന്നായിരിക്കുമെന്നാണ് വിലയിരുത്തല്‍.
കുറഞ്ഞത് ഒരു വനിതാ സ്ഥാപകയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ ശതമാനം കൂടുതലാണെന്ന് സര്‍വേ കണ്ടെത്തി. ഉദാഹരണത്തിന്, 2022 ല്‍ ഈ സ്റ്റാര്‍ട്ടപ്പുകളിലെ സെയില്‍സ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ ശരാശരി 28 ശതമാനം സ്ത്രീകളുണ്ടായിരുന്നു, പുരുഷ സ്ഥാപകര്‍ മാത്രമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഇത് 23 ശതമാനമാണ്.
ഉല്‍പ്പന്ന വികസനം, ഉപഭോക്തൃ സേവനം, പ്രത്യേകിച്ച് ഗവേഷണത്തിലും വികസനത്തിലും സമാനമായ വ്യത്യാസങ്ങള്‍ നിരീക്ഷിക്കപ്പെട്ടു. ''കൂടാതെ, പുരുഷന്‍ സ്ഥാപിതമായ സ്റ്റാര്‍ട്ടപ്പുകളെ അപേക്ഷിച്ച് ഒരു വനിതാ സ്ഥാപകയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ 2.5 മടങ്ങ് സ്ത്രീകള്‍ മുതിര്‍ന്ന റോളുകളിലുണ്ട്,'' റിപ്പോര്‍ട്ട് പറയുന്നു.
വനിതാ സ്ഥാപകര്‍ക്ക് സ്ത്രീ ജീവനക്കാര്‍ നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് കൂടുതല്‍ ധാരണയുണ്ടായിരുന്നുവെന്നും അവ പരിഹരിക്കാനുള്ള നയങ്ങള്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് കണ്ടെത്തി.
ഉദാഹരണത്തിന്, 16 ശതമാനം പുരുഷ സ്ഥാപകരും 'സുരക്ഷയിലും പരിചരണ അടിസ്ഥാന സൗകര്യങ്ങളിലും ആവശ്യമായ പരിഗണന നല്‍കിയിരുന്നോ എന്ന് സംശയമാണ്. ഇത് 29 ശതമാനം വനിതാ സ്ഥാപകരും അംഗീകരിക്കുന്നു.
അതുപോലെ, 40 ശതമാനം സ്ത്രീ സ്ഥാപകരുമായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രസവാവധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടസമാകുന്നതായി 32 ശതമാനം പുരുഷ സ്ഥാപകര്‍ കരുതുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, വനിതാ സ്ഥാപക നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ പകുതിയും വനിതകള്‍ക്ക് സൗകര്യമുള്ള ജോലിദിനങ്ങള്‍ വാഗ്ദാനം ചെയ്തു. പുതിയ അമ്മമാരില്‍ നാലിലൊന്നു പേർക്ക് ജോലിയിലേക്ക് മടങ്ങാനുള്ള പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്തു.
എന്നാല്‍ പുരുഷ സ്ഥാപകര്‍ മാത്രമുള്ള സ്റ്റാര്‍ട്ടപ്പുകളുമായി ഇതിനെ എങ്ങനെ താരതമ്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും നല്കിയിട്ടില്ല.