image

15 Sep 2023 8:30 AM GMT

Startups

ആഗോള വിപണന തന്ത്രത്തിന് ചുക്കാന്‍ പിടിക്കാന്‍ പുത്തന്‍ ആപ്പുമായി വിസാര്‍ഡ് സ്റ്റാര്‍ട്ടപ്പ്

Kochi Bureau

ആഗോള വിപണന തന്ത്രത്തിന് ചുക്കാന്‍ പിടിക്കാന്‍ പുത്തന്‍ ആപ്പുമായി വിസാര്‍ഡ് സ്റ്റാര്‍ട്ടപ്പ്
X

ചെറുകിടക്കാര്‍ക്കും ആഗോളവിപണനതന്ത്രത്തില്‍ മത്സരക്ഷമത ഉറപ്പു വരുത്താന്‍ സഹായിക്കുന്ന എഐ ഡിസൈന്‍ ആപ്പുമായി കേരള സ്റ്റാര്‍ട്ടപ്പായ വിസാര്‍ഡ്. ചെറുകിട വാണിജ്യം നടത്തുന്നവര്‍ക്ക് ലളിതമായ രീതിയില്‍ ആഗോളനിലവാരത്തിലുള്ള വിപണനതന്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാവുന്നതാണ് ഈ ആപ്പ്.

ഏത് വിഭാഗത്തിലുള്ള സംരംഭങ്ങള്‍ക്കും പറ്റിയ ഡിസൈന്‍, നിറഭേദങ്ങള്‍, വ്യത്യസ്തതയാര്‍ന്ന അക്ഷര രൂപകല്‍പനകള്‍, ചിത്രങ്ങള്‍, പാറ്റേണുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉത്സവ സീസണുകളില്‍ നല്‍കേണ്ട പോസ്റ്ററുകള്‍, ഉത്പന്നങ്ങളുടെ അവതരണം, ഡിജിറ്റല്‍ പ്രചാരണം, ഡിജിറ്റല്‍ ബിസിനസ് കാര്‍ഡ് എന്നിവയെല്ലാം ഈ ആപ്പിലൂടെ ലഭിക്കുമെന്ന് വിസാര്‍ഡിന്റെ സിഇഒ സനിദ് എം ടി പി പറഞ്ഞു.

വളരെയധികം മനുഷ്യവിഭവശേഷി വേണ്ട കാര്യമാണ് ഡൈന്‍ എന്നത്്. അഞ്ച് കോടിയോളം ഡിസൈനുകളാണ് ഒരു ദിവസം ലോകത്ത് രൂപപ്പെടുത്തുന്നത്. ചെലവേറിയ ഈ പ്രക്രിയ ചെറുകിടക്കാര്‍ക്ക് അന്യമാണ്. ഈ വെല്ലുവിളി ഏറ്റെടുത്താണ് ഡിസൈന്‍ രംഗത്തെ അന്തരം ഒഴിവാക്കി തുല്യ അവസരം നല്‍കുന്നതിനുള്ള പരിശ്രമം വിസാര്‍ഡ് നടത്തിയതെന്നും സനിദ് പറഞ്ഞു.

ആശയത്തില്‍ നിന്ന് പൂര്‍ണ രൂപകല്‍പനയിലേക്കെത്താനുള്ള എല്ലാ സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഈ കഴിഞ്ഞ ഓണക്കാലത്ത് മാത്രം തന്നെ 50,000 ഓളം ഡിസൈനുകള്‍ ഈ ആപ്പ് വഴി നിര്‍മ്മിച്ചിട്ടുണ്ട്.

രണ്ട് പ്ലാനുകളില്‍ ലഭ്യം

സൗജന്യവും പ്രീമിയവുമായ പ്ലാനുകളാണ് ഈ ആപ്പിലുള്ളത്. സമഗ്രമായ വിപണന തന്ത്രം ആവശ്യമായ ബിസിനസുകള്‍ക്ക് അതനുസരിച്ചുള്ള സേവനങ്ങള്‍ പ്രീമിയം സംവിധാനത്തിലൂടെ ലഭ്യമാക്കും. പ്രമുഖ ബ്രാന്‍ഡുകളുമായി ചെറുകിടക്കാര്‍ക്ക് മത്സരക്ഷമത വളര്‍ത്തുവാന്‍ ഈ ആപ്പ് നിര്‍ണായകമാണെന്ന് സനിദ് പറഞ്ഞു. ചെറിയ ഹോട്ടലുകള്‍ക്ക് വരെ ആഗോള ഹോംഡെലിവറി സംവിധാനവുമായി മത്സരിക്കാന്‍ ഇതിലൂടെ സാധിക്കും. സാമൂഹ്യമാധ്യമങ്ങളായ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയില്‍ സജീവ സാന്നിദ്ധ്യമായി നില്‍ക്കാനും വിസാര്‍ഡിലൂടെ കഴിയുമെന്ന് സനിദ് ചൂണ്ടിക്കാട്ടി.

കളമശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണിലാണ് വിസാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. കെഎസ്‌യുഎമ്മില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ട്. പ്രണവ് വര്‍മ്മ, അര്‍വിത്വിക് പുറവങ്കര എന്നിവരാണ് കമ്പനിയുടെ സഹസ്ഥാപകര്‍.