20 Sept 2023 12:17 PM
Summary
- സ്റ്റാര്‍ട്ടപ്പ് ഹബ്ബായി തമിഴ്‌നാടിനെ മാറ്റുക ലക്ഷ്യം
- തമിഴ്‌നാട്ടിലുള്ളത് ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം
2030-ഓടെ ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാവുകയെന്ന ലക്ഷ്യത്തോടെ തമിഴ്നാട് നവീകരിച്ച സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ പോളിസി 2023 പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ സംസ്ഥാനത്തെ ഒന്നാമത് എത്തിക്കുക എന്നതും ലക്ഷ്യമാണെന്ന് നയം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. 2023-28 കാലയളവിലേക്കാണ് നയം തയ്യാറാക്കിയിട്ടുള്ളത്.
രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടത്തെ തുടര്‍ന്നാണ് നിലവിലുള്ള നയം നവീകരിക്കാന്‍ തീരുമാനമായത്. 2023 സെപ്റ്റംബര്‍ വരെ, സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ 7,000 കവിഞ്ഞു. കൂടാതെ കാര്യമായി വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്തു.
നയം സ്റ്റാര്‍ട്ടപ്പുകളെ ത്വരിതപ്പെടുത്തുന്നതിനും അവയെ വലിയ തോതിലേക്കു വളർത്തുന്നതിനും സംസ്ഥാനത്തിന്റെ ജിഡിപിയില്‍ അവരുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ പ്രോത്സാഹിപ്പിക്കും. നയത്തിന്റെ നവീകരണം സംരംഭകത്വം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ അവസരങ്ങളുടെ നാടാക്കി മാറ്റുന്നതിന് യോജിച്ച ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്നതും നയത്തിന്റെ ലക്ഷ്യമാണ്.
സാമൂഹിക സംരംഭകത്വത്തെ പരിപോഷിപ്പിക്കുന്ന, ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം തമിഴ്നാട്ടിലുണ്ട്. ബ്ലിങ്ക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022 അനുസരിച്ച്, ആഗോളതലത്തില്‍ മികച്ച 400 സ്റ്റാര്‍ട്ടപ്പ് നഗരങ്ങളില്‍ രണ്ടെണ്ണം ചെന്നൈയും കോയമ്പത്തൂരും ആണ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022 ചെന്നൈയെ രാജ്യത്തെ നാലാമത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി കണക്കാക്കുമ്പോള്‍, കോയമ്പത്തൂര്‍, മധുര, തിരുച്ചിറപ്പള്ളി, സേലം, വെല്ലൂര്‍ എന്നിവ വളര്‍ന്നുവരുന്ന കേന്ദ്രങ്ങളായും അംഗീകരം നേടിയിരിക്കുകയാണ്.
അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 2032-ഓടെ തമിഴ്നാടിനെ ആഗോള സ്റ്റാര്‍ട്ടപ്പ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായി മാറ്റുക, ഒപ്പം ഒരു പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിനൊപ്പം നൂതനവും സമ്പത്ത് സൃഷ്ടിക്കുന്നതുമായ സംരംഭങ്ങള്‍ പ്രാപ്തമാക്കുക എന്നതാണ് നയത്തിന്റെ കാഴ്ചപ്പാടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
നയം അനുസരിച്ച്, സ്റ്റാര്‍ട്ടപ്പ് ടിഎന്‍, തമിഴ്നാടിന്റെ നോഡല്‍ ഏജന്‍സിയാണ്. നയത്തില്‍ പറഞ്ഞിരിക്കുന്ന വിവിധ സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിനായി നോഡല്‍ ഓഫീസറായ മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം രൂപീകരിച്ചിട്ടുണ്ട്.