12 Dec 2023 10:21 AM GMT
Summary
- നൈപുണ്യശേഷിയുള്ള പ്രൊഫഷണലുകളെ ഉണ്ടാക്കിയെടുക്കും
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ് യുഎം) ഇന്‍കുബേറ്റ് ചെയ്ത ടെക് മാഗി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. എഡ്-ടെക് വിഭാഗത്തില്‍ പെടുന്ന സ്റ്റാര്‍ട്ടപ്പാണ് ടെക് മാഗി.
ഇക്കഴിഞ്ഞ നവംബര്‍ 25,26 തിയതികളില്‍ നടന്ന ഓണ്‍ലൈന്‍ ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പില്‍ 45,000 പേര്‍ രജിസ്റ്റര്‍ ചെയ്തതാണ് റെക്കോര്‍ഡിന് അര്‍ഹമാക്കിയത്. 28,000 വിദ്യാര്‍ത്ഥികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പരിപാടിയുടെ ഭാഗമായി എല്‍ ജെ നോളഡ്ജ് ഫൗണ്ടേഷനാണ് ടെക് മാഗിയ്ക്ക് ധനസഹായം നല്‍കിയത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് വിധികര്‍ത്താവായ വിവേക് നായര്‍ ടെക് മാഗി സ്ഥാപക സിഇഒ ദീപക് രാജന് സാക്ഷ്യപത്രം കൈമാറി. കെഎസ് യുഎം സിഒഒ ടോം തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡിജിറ്റല്‍ കാലഘട്ടത്തിലെ വെല്ലുവിളികള്‍ തരണ ചെയ്യാനും നൂതനത്വത്തിന്റെ കാലത്ത് ഉദ്യോഗാര്‍ത്ഥികളെ പാകപ്പെടുത്താനുമുള്ള പരിശീലന പരിപാടിയാണ് രൂപപ്പെടുത്തിയെടുത്തിരിക്കുന്നതെന്ന് ദീപക് രാജന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഏത് സ്ഥലത്തിരുന്നും വെര്‍ച്വല്‍ ലാബടക്കമുള്ള സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. സാങ്കേതിക അധിഷ്ഠിത വിദ്യാഭ്യാസ മേഖലയില്‍ മുന്‍നിരയിലെത്താന്‍ ഇക്കാര്യങ്ങള്‍ ടെക് മാഗിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയ്ക്ക് വേണ്ടി നൈപുണ്യശേഷിയുള്ള പ്രൊഫഷണലുകളെ ഉണ്ടാക്കിയെടുക്കുന്നതിന് പ്രതിബദ്ധമാണ് ടെക് മാഗി . പ്രാഥമികമായും എന്‍ജിനീയറിംഗ് മേഖലയിലാണ് കമ്പനിയുടെ ശ്രദ്ധ നല്‍കുന്നത്. കടുത്ത മത്സരാധിഷ്ഠിതമായ തൊഴില്‍ വിപണിയ്ക്കായി ഉദ്യോഗാര്‍ഥികളെ തയ്യാറാക്കുകയാണ് ചെയ്യുന്നതെന്നും ദീപക് രാജന്‍ ചൂണ്ടിക്കാട്ടി.