image

18 Nov 2023 7:23 AM GMT

Startups

കുട്ടികളിലെ സ്മാര്‍ട്ട് ഫോണ്‍ ദുരുപയോഗം തടയാന്‍ 'സൂപ്പര്‍ ആപ്പ്'

MyFin Desk

super app to prevent misuse of smart phones among children
X

Summary

  • ഫലപ്രദമായ ഡിജിറ്റല്‍ ഇടപെടലുകള്‍ പരിശീലിപ്പിക്കുന്നതിന് പുറമേ പഠനത്തിനും ഗൃഹപാഠം ചെയ്യുന്നതിനും വിനോദവും വ്യായാമവുമടക്കമുള്ള ദിനചര്യകള്‍ ക്രമീകരിക്കുന്നതിനും ഈ ആപ്പ് കുട്ടികളെ സഹായിക്കും.
  • സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂന്തോട്ട പരിപാലനത്തില്‍ കുട്ടികളെ വ്യാപൃതരാക്കാന്‍ ഉദ്ദേശിച്ചുള്ള സംരംഭവുമുണ്ട്.


തിരുവനന്തപുരം: മൊബൈല്‍ ഫോണിലും സമൂഹ മാധ്യമങ്ങളിലും കുട്ടികള്‍ ഏറെസമയം ചെലവഴിക്കുന്നുവെന്ന പരാതിയുണ്ടെങ്കില്‍ ഇനി അക്കാര്യത്തില്‍ ആശങ്കവേണ്ട. തിരുവനന്തപുരത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പിനോടനുബന്ധിച്ചുള്ള സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോയില്‍ ഇതിനുള്ള പരിഹാരങ്ങള്‍ ശ്രദ്ധ നേടുകയാണ്.

'സൂപ്പര്‍' എന്ന ഡിജിറ്റല്‍ പാരന്റിംഗ് ആപ്പാണ് കുട്ടിയുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത ആപ്പുകള്‍ ബ്ലോക്ക് ചെയ്യുകയും ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കൃത്യമായി അത് രക്ഷിതാവിനെ അറിയിക്കുകയും ചെയ്യുന്ന സൗകര്യത്തോടെയുള്ളത്. തത്സമയ ലോക്കേഷന്‍ അപ്‌ഡേറ്റുകളും അലര്‍ട്ടുകളും വഴി കുട്ടി സെര്‍ച്ച് ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനും സോഷ്യല്‍ മീഡിയ ചാറ്റുകളെ കുറിച്ചുള്ള വിശദാംശങ്ങളും രക്ഷിതാവിന് ലഭിക്കും.

ഫോണിനെ കുട്ടികളുടെ പ്രധാനപ്പെട്ട പഠന പങ്കാളികളാക്കി മാറ്റുക എന്നതാണ് ആപ്പ് പ്രധാനമായി ലക്ഷ്യമിടുന്നത്. പഠനസമയത്തെ കൂടാതെ പ്രാര്‍ത്ഥനയുടെയോ വ്യായാമത്തിന്റെയോ സമയങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആപ്പുകള്‍ മാത്രമേ ഫോണില്‍ ഉപയോഗിക്കാനാകൂ. ഫലപ്രദമായ ഡിജിറ്റല്‍ ഇടപെടലുകള്‍ പരിശീലിപ്പിക്കുന്നതിന് പുറമേ പഠനത്തിനും ഗൃഹപാഠം ചെയ്യുന്നതിനും വിനോദവും വ്യായാമവുമടക്കമുള്ള ദിനചര്യകള്‍ ക്രമീകരിക്കുന്നതിനും ഈ ആപ്പ് കുട്ടികളെ സഹായിക്കും. സോഷ്യല്‍ മീഡിയ ഉപയോഗവും ഗെയിമിങ്ങും വാരാന്ത്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും.

കുട്ടികളെ മൊബൈല്‍ സ്‌ക്രീനില്‍ നിന്ന് അകറ്റുന്നതിനുള്ള മറ്റൊരു സ്റ്റാര്‍ട്ടപ്പുമായി എത്തിയിരിക്കുന്നത് തിരുവനന്തപുരം കവടിയാറില്‍ നിന്നുള്ള യുവ സംരംഭകനായ പ്രിന്‍സാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂന്തോട്ട പരിപാലനത്തില്‍ കുട്ടികളെ വ്യാപൃതരാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രിന്‍സിന്റെ സംരംഭം. അഞ്ച് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്കായാണ് രൂപകല്‍പന. പുന്തോട്ടത്തിലുടെ നീങ്ങുന്ന ഒരു ചെറിയ റോബോട്ടിന്റെ സഹായത്തോടെ കളകള്‍ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കും. ഫെബ്രുവരിയോടെ ഈ ഉത്പന്നം വിപണിയില്‍ എത്തിക്കുമെന്ന് സംരംഭകര്‍ പറഞ്ഞു.