image

27 July 2023 4:30 PM IST

Startups

ലോട്ടറി വ്യാജനെ തടയാന്‍ ചലഞ്ചുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

Kochi Bureau

startup mission with challenge to stop lottery faker
X

Summary

  • പ്രതിദിനം ശരാശരി മൂന്ന് ലക്ഷം ടിക്കറ്റുകളാണ് സ്‌കാന്‍ ചെയ്യേണ്ടത്.


സംസ്ഥാനത്തെ വ്യാജ ലോട്ടറി കണ്ടെത്തുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ലോട്ടറി വകുപ്പും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ലോട്ടറി ചലഞ്ച് സംഘടിപ്പിക്കുന്നു. ലോട്ടറി വകുപ്പിന്റെ പ്രധാനപ്പെട്ട രണ്ട് പ്രശ്‌നങ്ങള്‍ക്കാണ് ചലഞ്ചിലൂടെ പരിഹാരം തേടുന്നത്.

വ്യാജ ലോട്ടറി കഴിഞ്ഞ കുറേക്കാലമായി ലോട്ടറി വകുപ്പ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. നിലവില്‍ ഓരോ ടിക്കറ്റും മനുഷ്യവിഭവശേഷി ഉപയോഗിച്ച് പ്രത്യേകം പരിശോധിച്ചാണ് സമ്മാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുന്നത്. ഇത് വളരെ സമയമെടുക്കുന്ന പ്രശ്‌നമാണ്.

വ്യാജലോട്ടറിയെ തിരിച്ചറിയാന്‍ സാധിക്കുന്നതും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതുമായ യന്ത്രമാണ് ചലഞ്ചിലൂടെ ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. അതിലൂടെ ലോട്ടറിയുടെ സാധുത പെട്ടന്നും കൃത്യവുമായി പരിശോധിക്കാനാകണം. ഇതിലൂടെ സമയലാഭവും കുറ്റമറ്റ സേവനവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനു പുറമെ സംസ്ഥാനത്തെ 35 ലോട്ടറി ഓഫീസുകളില്‍ നിന്നായി ഓരോ ദിവസവും നറുക്കെടുക്കുന്ന ടിക്കറ്റുകളിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനുള്ള സൗകര്യവും യന്ത്രത്തിലുണ്ടായിരിക്കണം. ശരാശരി ഒരു ദിവസം മൂന്ന് ലക്ഷം ടിക്കറ്റുകളാണ് സ്‌കാന്‍ ചെയ്യേണ്ടത്.

നിലവില്‍ ജീവനക്കാര്‍ സ്വയം ചെയ്യുന്ന ഈ പ്രക്രിയകള്‍ യന്ത്രത്തിലൂടെ ചെയ്യാനാണ് ലോട്ടറി വകുപ്പ് ഉദ്ദേശിക്കുന്നത്. വളരെ പെട്ടന്ന് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയാണെങ്കില്‍ അത് വഴി സമ്മാനത്തുക നല്‍കല്‍ പെട്ടന്നും എളുപ്പവും നടക്കും.

കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ മേഖലയിലെ സാങ്കേതികസേവനങ്ങളുടെ കരാര്‍ ലഭ്യമാക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 2017 ല്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് ലോട്ടറി ചലഞ്ച് സംഘടിപ്പിക്കുന്നത്. കെഎസ് യുഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്തതോ, യുണീക് ഐഡിയുള്ളതോ ആയ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇതില്‍ പങ്കെടുക്കാനാകുന്നത്.

താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ https://startupmission.kerala.gov.in/pages/lotterychallenge എന്ന ലിങ്ക് വഴി അപേക്ഷിക്കേണ്ടതാണ്. ആഗസ്റ്റ് 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.