20 Sep 2023 11:53 AM GMT
Summary
ലാഭത്തിലേക്കുള്ള സുസ്ഥിര ബിസിനസ് മോഡല്‍ സൃഷ്ടിക്കും
ദി ഫണ്ടമെന്റം പാര്‍ട്ണര്‍ഷിപ്പും ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തിയ ഫണ്ടിംഗ് റൗണ്ടില്‍ ഓഡിയോ ഉള്ളടക്ക ആപ്പ് കുക്കു എഫ്എം 207 കോടി രൂപ (ഏകദേശം 25 ദശലക്ഷം ഡോളര്‍ ) സമാഹരിച്ചു. നിക്ഷേപ സ്ഥാപനമായ വെര്‍ടെക്സ് വെഞ്ചേഴ്സും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു.
'ലാഭത്തിലേക്കുള്ള സുസ്ഥിര ബിസിനസ് മോഡല്‍ സൃഷ്ടിക്കുന്നതിനുമുള്ള ഞങ്ങളുടെ യാത്രയില്‍, ഫണ്ടമെന്റം ടീമിന്റെ ഉള്‍ക്കാഴ്ചകളും പിന്തുണയും വിലമതിക്കാനാവാത്തതാണ്,' കുക്കു എഫ്എം സഹസ്ഥാപകനും സിഇഒയുമായ ലാല്‍ ചന്ദ് ബിസു പറഞ്ഞു.
2022 സെപ്റ്റംബറില്‍, കുക്കു എഫ്എം ഫണ്ടമെന്റം പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് 182 കോടി രൂപ ( ഏകദേശം 21.9 ദശലക്ഷം ഡോളര്‍ ) സമാഹരിച്ചിരുന്നു. ഇത് ഈ പ്ലാറ്റ് ഫോമില്‍ നിന്നുള്ള അവരുടെ രണ്ടാമത്തെ തുക സമാഹരണമാണ്. ഓഡിയോ പ്ലാറ്റ്ഫോമിലെ മറ്റ് നിക്ഷേപകരില്‍ ഗൂഗിള്‍, ക്രാഫ്‌റ്റോണ്‍, വി ക്യൂബ് വെന്‍ച്വേഴ്‌സ്, ഇന്‍ഡ്യ കോഷ്യന്റ്, ഫൗണ്ടര്‍ ബാങ്ക് കാപ്പിറ്റല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
'ഉള്ളടക്ക ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഭാരത് 2.0 പ്രേക്ഷകര്‍ക്കായി ഇന്ത്യന്‍ ഭാഷകളിലുടനീളം ഉള്ളടക്കത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കുക്കു എഫ്എം ഫണ്ട് വിന്യസിക്കും,' പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലെ പുതിയ ഡിജിറ്റല്‍ തലമുറയുടെ നൂതനാവശ്യങ്ങള്‍ നിറവേറ്റുന്ന വിഭാഗമാണ് കുക്കു എഫ്എം സൃഷ്ടിച്ചിരിക്കുന്നതെന്ന് ഫണ്ടമെന്റം പാര്‍ട്ണര്‍ഷിപ്പ്, പ്രിന്‍സിപ്പല്‍ പ്രതീക് ജെയിന്‍ പറഞ്ഞു.
കമ്പനിക്ക് 25 ലക്ഷത്തിലധികം പണമടച്ചുള്ള വരിക്കാരുണ്ടെന്ന് ബിസു അവകാശപ്പെട്ടു.