25 Jan 2024 6:24 AM GMT
Summary
- അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബ് വരുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക
- തിരുവനന്തപുരത്തെ ടെക്‌നോ സിറ്റിയില്‍ ഹബ് സ്ഥാപിക്കാനൊരുങ്ങുന്നു
- കെഎസ് യുഎം സംസ്ഥാനത്തെ ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു
തിരുവനന്തപുരത്തെ ടെക്‌നോ സിറ്റിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്‌നോളജി ഹബ് സ്ഥാപിക്കാനൊരുങ്ങുന്നു. ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ളതാണ് 1500 കോടി രൂപയുടെ പദ്ധതി. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച മൂന്ന് സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ കേന്ദ്ര വാണിജ്യ മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിക്ഷേപ പ്രഖ്യാപനം.
തിരുവനന്തപുരത്തെ പള്ളിപ്പുറത്ത് അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബ് വരുമെന്നാണ് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ്, ബ്ലോക്ക്‌ചെയിന്‍, കമ്പ്യൂട്ടര്‍ ഇമേജിംഗ്, വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്ക് പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എമര്‍ജിംഗ് ടെക്‌നോളജി ഹബ് വലിയ പ്രയോജനകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്റ്റാര്‍ട്ടപ്പ് രംഗത്തെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കറും ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് കൈമാറി. 2006 ല്‍ കേരള സര്‍ക്കാരിന് കീഴില്‍ സ്ഥാപിതമായ കെഎസ് യുഎം സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ സാങ്കേതികവിദ്യകളുടെയും നിക്ഷേപങ്ങളുടെയും സാധ്യതകള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളുമായി എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബിന്റെ രൂപീകരണവുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് https://zfrmz.com/7Hwe469CJ7ZmptvSiNP9 ലിങ്ക് വഴി അപേക്ഷിക്കാം.