image

1 April 2024 11:44 AM GMT

Startups

17 കോടിയുടെ നേട്ടവുമായി എഡ്യുടെക്കിലെ മലയാളി സ്റ്റാര്‍ട്ടപ്പ്

MyFin Desk

17 കോടിയുടെ നേട്ടവുമായി എഡ്യുടെക്കിലെ മലയാളി സ്റ്റാര്‍ട്ടപ്പ്
X

Summary

  • അഞ്ച് ചെറുപ്പക്കാര്‍ ചേര്‍ന്നുയര്‍ത്തിയെടുത്ത എഡ്യുടെക്ക് സംരഭമാണ് ഇന്റര്‍വെല്‍
  • 30 രാജ്യങ്ങളില്‍ സാന്നിധ്യം
  • ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തിലേക്ക് ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച ഏക സ്റ്റാര്‍ട്ടപ്പ്


കമ്പനി ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ 17 കോടി രൂപ വരുമാനമുണ്ടാക്കി വിജയഗാഥ രചിച്ചിരിക്കുകയാണ് മലപ്പുറത്ത് നിന്നുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ഇന്റര്‍വെല്‍. 2023-24 സാമ്പത്തിക വര്‍ഷത്തിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഈ നേട്ടം കൈവരിച്ചത്.

2021 ജനുവരിയിലാണ് റമീസ് അലി, ഷിബിലി അമീന്‍, സനാഫിര്‍ ഒ കെ, അസ് ലഹ് തടത്തില്‍, നാജിം ഇല്യാസ് എന്നിവര്‍ ചേര്‍ന്ന് ഇന്റര്‍വെല്ലിന് ജീവന്‍ നല്‍കുന്നത്. ഇന്ന് 30 രാജ്യങ്ങളിലായി 25,000 ലേറ വിദ്യാര്‍ത്ഥികളാണ് ഇവര്‍ക്കുള്ളത്.




ആദ്യ വര്‍ഷത്തില്‍ രണ്ട് കോടിയും രണ്ടാം വര്‍ഷത്തില്‍ എട്ട് കോടിയുമായിരുന്നു ഇന്റര്‍വെല്ലിന്റെ വരുമാനം. ഇന്നത് 17 കോടി രൂപയാകുമ്പോള്‍ മലപ്പുറം അരിക്കോട് നിന്നുള്ള ഈ സ്ഥാപനം ഉയര്‍ച്ചയുടെ പാതയിലാണെന്ന് സഹസ്ഥാപകനായ റമീസ് അലി പറയുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിലും 100 ശതമാനത്തിലേറെ വരുമാന വര്‍ധനവ് ഉണ്ടാക്കാന്‍ ഇന്റര്‍വെല്ലിന് കഴിഞ്ഞിട്ടുണ്ട്.

എഡ്യുടെക്ക് പ്ലാറ്റ്‌ഫോമുകള്‍ പിന്തുടരുന്ന പതിവ് രീതികളില്‍ നിന്ന് വ്യത്യസ്മായി വണ്‍-റ്റു-വണ്‍ ലൈവ് ട്യൂട്ടറിങ് ആണ് ഇന്റര്‍വെല്‍ പിന്തുടരുന്നത്. അധ്യാപകര്‍ നേരിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുകയും ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത ശ്രദ്ധ നല്‍കുകയും ചെയ്യുന്ന സംവിധാനമാണിതെന്ന് റമീസ് പറഞ്ഞു.

നിലവില്‍ ഇന്റര്‍വെല്‍ പ്ലാറ്റ്‌ഫോമില്‍ അയ്യായിരത്തിലേറെ അധ്യാപകരും 260 ജീവനക്കാരുമുണ്ട്. 30 രാജ്യങ്ങളിലായി 25000ലേറെ വിദ്യാര്‍ത്ഥികളുമുണ്ട്. യൂറോപ്പ് കേന്ദ്രീകരിച്ച് വിവിധ വിപുലീകരണത്തിനുള്ള ഒരുക്കത്തിലാണെന്നും റമീസ് പറഞ്ഞു. അരീക്കോട് 30,000 ചതുരശ്രയടി സ്ഥലത്താണ് ഇന്‍ര്‍വെല്ലിന്റെ കോര്‍പറേറ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം തന്നെയാണ് രണ്ട് കോടി രൂപയുടെ എയ്ഞ്ചല്‍ നിക്ഷേപം ഇന്റര്‍വെല്ലിന് സമാഹരിക്കാനായെന്ന് റമീസ് പറഞ്ഞു. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളേയും നിക്ഷേപകരേയും ആകര്‍ഷിക്കുന്നതിന് ഫിന്‍ലന്‍ഡ് സാമ്പത്തിക കാര്യ മന്ത്രാലയം തുടക്കമിട്ട 'ടാലന്റ്് ബൂസ്റ്റ്' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തിലേക്ക് ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച ഏക സ്റ്റാര്‍ട്ടപ്പ് സംരഭമായിരുന്നു ഇന്റര്‍വെല്‍. വരും വര്‍ഷങ്ങളില്‍ കരിയര്‍ ഗ്യാപ് വന്ന വീട്ടമ്മമാര്‍ക്ക് അവസരങ്ങള്‍ നല്‍കാനുള്ള പദ്ധതിയിലാണ് ഇന്റര്‍വെല്‍.