image

24 July 2023 11:15 AM GMT

Startups

സംസ്ഥാനത്തെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശുഭവാര്‍ത്ത

Kochi Bureau

good news for fintech startups ksum-ifsca with cooperation agreement
X

Summary

  • ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക ഉപദേശം ഇതിലൂടെ നേടാനാകും.


ഫിന്‍ടെക് കമ്പനികള്‍ക്ക് മികച്ച സഹകരണം വാഗ്ദാനം ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്‌യുഎം) ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്‌സ് അതോറിറ്റിയും (ഐഎഫ്എസ്‌സിഎ) ധാരണാപത്രം ഒപ്പിട്ടു. ഐഎഫ്എസ്‌സിഎ യുടെ വിവിധ പദ്ധതികളുമായി സഹകരിക്കാനും ധനസഹായം ആഗോള വാണിജ്യബന്ധം എന്നിവ ഉപയോഗപ്പെടുത്താനും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കും.

കളമശ്ശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ നടന്ന ചടങ്ങില്‍ കെഎസ്യുഎം സിഇഒ അനൂപ് അംബിക, ഐഎഫ്എസ്‌സിഎ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ജോസഫ് കോശി എന്നിവര്‍ ധാരണാപത്രം കൈമാറി.

ധാരണാപത്രത്തിലൂടെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐഎഫ്എസ്‌സിഎയില്‍ നിന്ന് സാങ്കേതിക ഉപദേശം നേടാന്‍ സാധിക്കും. ഐഎഫ്എസ്‌സിഎ യുടെ ഉഭയകക്ഷി ധാരണപ്രകാരമുള്ള വിദേശ ഫിന്‍ടെക് റെഗുലേറ്റിംഗ് സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്താനും സാധിക്കും.

ഐഎഫ്എസ്‌സിഎയുടെ ഫിന്‍ടെക് ധനസഹായപദ്ധതിയിലേക്കും നിശ്ചിത യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടാനും സഹായം ലഭിക്കുന്നതാണ്. ഇതിനു പുറമെ ആഗോളതലത്തിലുള്ള ഫിന്‍ടെക് ഇവന്റുകള്‍, ഗ്ലോബല്‍ ഹാക്കത്തണുകള്‍, വിജ്ഞാന പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നതാണ്.

ഐഎഫ്എസ്സിഎയുടെ ആസ്ഥാനമായ ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയില്‍ നടക്കുന്ന സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരവും കെഎസ്യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.

കേരളത്തിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമാണ് ധാരണാപത്രത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് അനൂപ് അംബിക പറഞ്ഞു. ആഗോള ഫിന്‍ടെക് രംഗത്തെ പുതിയ സാധ്യതകള്‍, പ്രവണതകള്‍, അനുഭവപരിചയം എന്നിവ മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.