4 March 2024 11:55 AM
Summary
- 19 മത് അവാര്‍ഡാണ് കേരള സ്റ്റാര്‍ട്ടപ്പ് സ്വന്തമാക്കിയത്.
- മേഫിസ് മൊബൈല്‍ ആവാസവ്യവസ്ഥയിലെ ഓസ്‌കാര്‍ പുരസ്‌ക്കാരം എന്നറിയപ്പെടുന്നു
- 2021 ലാണ് ഗ്രീന്‍ ആഡ്‌സും കേരള സ്റ്റാര്‍ട്ടപ്പ മിഷനും പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത്
കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ സേവനപങ്കാളിയായ ഗ്രീന്‍ആഡ്‌സ് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പിന് അന്തര്‍ദേശീയ മേഫിസ് 2024 പുരസ്‌ക്കാരം. എന്റര്‍പ്രൈസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് 19 ാമത് മേഫിസ് (മൊബൈല്‍ ഇക്കോസിസ്റ്റം ഫോറം) പുരസ്‌ക്കാരം കമ്പനി സ്വന്തമാക്കിയത്. മൊബൈല്‍ ആവാസവ്യവസ്ഥയിലെ ഓസ്‌കാര്‍ പുരസ്‌ക്കാരമായാണ് മേഫിസിനെ ടെക് ലോകം കണക്കാക്കുന്നത്. ടാറ്റ ടെലികമ്മ്യൂണിക്കേഷന്‍സ്, വെബക്‌സ്, സിഞ്ച്, കാരിക്‌സ് തുടങ്ങിയവരായിരുന്നു ഈ വിഭാഗത്തിലെ മറ്റ് മത്സരാര്‍ഥികള്‍.
സ്‌പെയിനിലെ ബാര്‍സലോണയിലാണ് പരിപാടി സംഘടിപ്പിച്ചത്. 2016 ലാണ് ഗ്രീന്‍ ആഡ്‌സ് സ്ഥാപിതമായത്. കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം ആസ് എ സര്‍വീസ് (സിപാസ്) വ്യവസായമായാണ് തുടക്കം. ആഗോള കമ്പനികളാണ് ഗ്രീന്‍ ആഡ്‌സിന്റെ പ്രധാന ഉപഭോക്താക്കള്‍. കമ്പനികള്‍ക്കുള്ള വാട്‌സാപ്പ് സേവനങ്ങള്‍, എസ്എംഎസ് ഗേറ്റ് വേ, ആര്‍സിഎസ് മെസേജസ്, വോയിസ് സൊല്യൂഷന്‍സ്, എഐ ചാറ്റ്‌ബോട്ട് എന്നീ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു കഴിഞ്ഞു.
കമ്പനിയിലെ ജീവനക്കാരുടെ അര്‍പ്പണ മനോഭാവത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ പുരസക്കാരമാണ്. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഇത് പ്രചോദനമാകും. പുതിയ ഉത്പന്നങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും ഗ്രീന്‍ആഡ്‌സ് സിഇഒ ക്രിസ്റ്റഫര്‍ ബോണിഫേസ് പറഞ്ഞു.
മൊബൈല്‍ സാങ്കേതികവിദ്യയുടെ ആവാസവ്യവസ്ഥയുടെ വ്യാപനത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി ഗവേഷണം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആഗോള വാണിജ്യ ശൃംഖലയാണ് 2000 ല്‍ സ്ഥാപിതമായ എംഇഎഫ് (മേഫിസ്). ഈ ശൃംഖലയിലെ അംഗങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ, ആഗോള സഹകരണം, പങ്കാളിത്തം തുടങ്ങിയവയില്‍ അന്താരാഷ്ട്ര ഫോറമാണ് ലഭിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഇഎഫിന് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഗള്‍ഫ് മേഖല, സൗത്ത്-നോര്‍ത്ത് അമേരിക്കകള്‍ എന്നിവിടങ്ങളിലും ചാപ്റ്ററുകളുണ്ട്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഉപഭോക്താക്കളുമായി ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതിനു വേണ്ടി 2021 ലാണ് ഗ്രീന്‍ ആഡ്‌സുമായി പങ്കാളിത്തം ആരംഭിച്ചത്.