17 Dec 2023 11:45 AM GMT
കേരളത്തിന്‍റെ ജെന്‍ റോബോട്ടിക്സ് രാജ്യത്തെ ഏറ്റവും മികച്ച 3 എഐ സ്‍റ്റാര്‍ട്ടപ്പുകളില്‍ ഒന്ന്
MyFin Desk
Summary
- ചലന ശേഷി നഷ്ടമായവര്‍ക്ക് എഐ സാങ്കേതിക വിദ്യയിലൂടെ പരിശീലനം
- 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ കമ്പനി തുടങ്ങിയത്
- ഗ്ലോബല്‍ പാര്ട്ണര്ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉച്ചകോടിയിലാണ് പുരസ്‍കാര നേട്ടം
രാജ്യത്തെതന്നെ ഏറ്റവും മികച്ച മൂന്ന് ആർടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി കേരളത്തിൽ നിന്നുള്ള ജെന്‍ റോബോട്ടിക്സ് തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബല്‍ പാര്ട്ണര്ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉച്ചകോടിയിലാണ് എഐ ഗെയിം ചേഞ്ചേഴ്സ് വിഭാഗത്തില്‍ ജെന്‍ റോബോട്ടിക്സ് ഈ മഹത്തായ നേട്ടം കൈവരിച്ചത്.
പുരസ്കാര നേട്ടത്തിന്‍റെ. വിവരമറിഞ്ഞ ഉടനെ ജെന്‍റ റോബോട്ടിക്സ് സാരഥികളെ വിളിക്കുകയും അഭിനന്ദനങ്ങളറിയിക്കുകയും ചെയ്തുവെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ജെൻ റോബോട്ടിക്സ് പുതുതായി വികസിപ്പിച്ചെടുത്ത ജി ഗെയ്റ്റര്‍ റോബോട്ടിക് സാങ്കേതിക വിദ്യ കേരളത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടമായിരിക്കും സൃഷ്ടിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ട്രോക്ക്, അപകടങ്ങള്‍, നട്ടെല്ലിന് ക്ഷതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവയിലൂടെ ചലനശേഷി നഷ്ടപ്പെട്ട ആളുകള്‍ക്ക് എഐ സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി ഗെയ്റ്റര്‍ പരിശീലനം നൽകുന്നു. തികച്ചും ശാസ്ത്രീയമായ പരിശീലനത്തിലൂടെ ഇത് ആളുകളിൽ വലിയ മാറ്റമുണ്ടാക്കുന്നുണ്ടെന്ന് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
നിലവിൽ ആസ്റ്റര്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജിഗെയ്റ്റര്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട്.
2018ൽ കേരള ഗവൺമെന്റിന്റെ സഹകരണത്തോടുകൂടി തുടങ്ങിയ സ്റ്റാർട്ട്പ്പ് ആയ ജെൻ റോബോട്ടിക് ഇന്നോവേഷൻ ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളിൽ ഒന്നാണ്. നവീനമായ ആശയം എന്ന നിലയില്‍ കമ്പനി തുടങ്ങാനുള്ള സ്ഥലവും വർക്ക് ഷോപ്പിനുള്ള സ്ഥലവും ടെക്നോപാർക്കിൽ സംസ്ഥാന സർക്കാര്‍ നല്‍കി.
കിൻഫ്ര പാർക്കിൽ ജെൻ റോബോട്ടിക്സിന്റെ കൂടുതൽ വിപുലമായ യൂണിറ്റ് ആരംഭിക്കാനും വ്യവസായവകുപ്പ് പൂർണപിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നതെന്ന് പി.രാജീവ് കൂട്ടിച്ചേര്‍ത്തു.