image

29 Nov 2024 4:21 PM GMT

Startups

ഹഡിൽ ഗ്ലോബൽ 2024: സാമൂഹ്യ-വിദ്യാഭ്യാസ-കാർഷിക രംഗങ്ങളിലെ പുരോഗതിക്ക് ശാസ്ത്ര സാങ്കേതിക വിദ്യയുടെ പിൻബലമേകി സ്റ്റാർട്ടപ്പുകൾ

MyFin Desk

ഹഡിൽ ഗ്ലോബൽ 2024: സാമൂഹ്യ-വിദ്യാഭ്യാസ-കാർഷിക രംഗങ്ങളിലെ പുരോഗതിക്ക് ശാസ്ത്ര സാങ്കേതിക വിദ്യയുടെ പിൻബലമേകി സ്റ്റാർട്ടപ്പുകൾ
X

മാലിന്യസംസ്‌കരണം, ദുരന്തനിവാരണം, കൃഷി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുരോഗതി ആർജിക്കാനുതകുന്ന ഉൽപ്പന്നങ്ങൾ അണിനിരത്തി രാജ്യാന്തര സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ എക്സ്പോ. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ യുവസംരംഭകരാണ് സാമൂഹിക പ്രശ്നങ്ങൾക്കുള്ള സാങ്കേതിക പ്രതിവിധികൾ അവതരിപ്പിച്ചിരിക്കുന്നത്.

പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സംസ്ഥാനത്ത് പ്രതിവിധിയെന്നോണമാണ് തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന വെക്റ്റാസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഡ്രോണുകൾ രൂപകൽപ്പന ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ വേഗം കണ്ടെത്താനും മരുന്നും ഭക്ഷണവും എത്തിക്കാനും ഡ്രോണുകൾക്കു കഴിയും. ബാറ്ററിയിൽ പ്രവത്തിപ്പിക്കാവുന്നതും അഞ്ചു കിലോ ഭാരം വഹിക്കാൻ ശേഷിയുള്ളതുമായ ഡ്രോണും പെട്രോളിലും ബാറ്ററിയിലും പ്രവർത്തിപ്പിക്കാവുന്ന പത്തു കിലോ ഭാരം വരെ വഹിക്കാവുന്ന ഡ്രോണുമാണ് വികസിപ്പിച്ചിട്ടുള്ളത്. 2022ൽ തുടങ്ങിയ സ്റ്റാർട്ടപ്പ് കൃഷി, പ്രതിരോധ മേഖലകളിൽ ഉപയോഗിക്കാനാകുന്ന ഡ്രോണുകളും വികസിപ്പിക്കുന്നുണ്ടെന്ന് കമ്പനി സി.ഇ.ഒ നിഹാൽ അഹമ്മദ് പറഞ്ഞു.

സംസ്ഥാന സർക്കാരും തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളും ശാസ്ത്രീയ മാലിന്യസംസ്‌ക്കരണം പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുമ്പോൾ ആ പ്രവർത്തനങ്ങളിൽ കൈകോർക്കുകയാണ് തിരുവനന്തപുരം കുറവൻകോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൗമാ എൻവൈറോടെക് പ്രൈവറ്റ് ലിമിറ്റഡ്. സ്റ്റാർട്ടപ്പ് നിർമ്മിക്കുന്ന മൊബൈൽ സെപ്റ്റിക് ടാങ്ക് ട്രീറ്റ്‌മെന്റ് യൂണിറ്റിന് ആറായിരം ലിറ്റർ സെപ്റ്റിക് വേസ്റ്റ് വരെ ഒരു മണിക്കൂറിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഐ.ടി. മാനേജർ വിവേക് പറഞ്ഞു. ചാലക്കുടി, ചങ്ങനാശ്ശേരി, കൊടുങ്ങല്ലൂർ, മഞ്ചേരി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾ ഈ മൊബൈൽ സെപ്റ്റിക് ടാങ്ക് ട്രീറ്റ്‌മെന്റ് യൂണിറ്റുകൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്. ഭാവിയിൽ സർക്കാരേതര സ്ഥാപനങ്ങൾക്കും മൊബൈൽ യൂണിറ്റുകൾ എത്തിക്കാൻ പദ്ധതിയുണ്ട്.

രാജ്യത്തെ റോബോട്ടിക്സ് പഠന മേഖലയിൽ മുന്നേറ്റം സ്വപ്നം കാണുകയാണ് തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിബോട്ടിക്സ് ഇന്നൊവേഷൻസ് സ്റ്റാർട്ടപ്പ് കമ്പനിയുടെ സ്ഥാപകരായ വൈഭവ് കെ., മിലാദ് മുഹമ്മദ്, വിഷ്ണു പി. കുമാർ എന്നിവർ. റോബോട്ടിക്സിൽ താല്പര്യമുള്ള സ്‌കൂൾ-കോളേജ് വിദ്യാർഥികൾക്ക് സ്വയംപഠനത്തിന് സഹായകമായ ആധുനിക സംവിധാനങ്ങളാണ് യൂണിബോട്ടിക്സ് മുന്നോട്ട് വയ്ക്കുന്നത്. സ്‌കൂൾ കുട്ടികൾക്ക് വേണ്ടി യൂബോ എന്ന പേരിൽ റോബോട്ടിക്സ് പഠനത്തിനുതകുന്ന പ്ലാറ്റ്ഫോമാണ് യൂണിബോട്ടിക്സ് ആദ്യമായി വികസിപ്പിച്ചത്. സ്വയംപഠനത്തിന് സഹായിക്കുന്നതിനാൽ കുട്ടികൾക്ക് മികച്ച പഠനാനുഭവം സമ്മാനിക്കുകയും റോബോട്ടിക്സിലെ താല്പര്യവും കഴിവും വികസിപ്പിക്കാനും സഹായകമാണ്. കോളേജ് വിദ്യാർഥികൾക്കായി യൂബോ പ്ലസ് പ്ലാറ്റ്ഫോമും രൂപപ്പെടുത്തിയിട്ടുണ്ട്. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള യൂബോ മിനി പ്ലാറ്റ്ഫോം ഇപ്പോൾ പണിപ്പുരയിലാണ്.

കൃഷി ആവശ്യങ്ങൾക്കായി ഡ്രോണുകൾ വികസിപ്പിക്കുന്ന കൊച്ചി കളമശ്ശേരി ആസ്ഥാനമായുള്ള ഫ്യൂസിലേജ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡ്രോണുകളും എക്സ്പോയിൽ ഡെലിഗേറ്റുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരേക്കർ ഭൂമിയിൽ ഏഴ് മിനുട്ടിനുള്ളിൽ കീടനാശിനികളും വളവും തളിക്കാനാകും. ഒരിക്കൽ ചാർജു ചെയ്താൽ ഇരുപത്തിയഞ്ചു മിനിറ്റോളം ഡ്രോൺ ഉപയോഗിക്കാനാകും. സിവിൽ ഏവിയേഷന്റെ സർട്ടിഫിക്കേഷനും ഫ്യൂസിലേജിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ കെ എസ് യു എമ്മിലൂടെ ലഭ്യമാക്കിയ ഗ്രാന്റുകളിലൂടെ പതിനഞ്ചുലക്ഷത്തോളം രൂപയുടെ സഹായം ഫ്യൂസിലേജിന് കിട്ടിയിട്ടുണ്ട്.