18 Nov 2023 6:08 AM GMT
ശാസ്ത്രത്തിലും വ്യവസായത്തിലുമുള്ള ഇന്ത്യയുടെ മുന്നേറ്റം പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് വന്‍ തൊഴില്‍ സാധ്യതകളൊരുക്കുന്നതായി ഹഡില്‍ ഗ്ലോബലില്‍ നടന്ന സെമിനാറില്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ആഗോള വികാസം- വ്യാപാരം അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
കോവിഡ് വാക്‌സിനിലൂടെ ആരോഗ്യമേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ആരോഗ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താനാകും. എന്‍ജിനിയറിംഗ്, വാഹനനിര്‍മ്മാണ മേഖലകളില്‍ ഇന്ത്യയില്‍ നിന്നുയരുന്ന ആശയങ്ങള്‍ ശ്രദ്ധേയമാണെന്നും ജർമൻ കോൺസൽ ജനറൽ ആക്കിം ബുര്‍ക്കാര്‍ട്ട് സെമിനാറില്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ആഗോളതലത്തില്‍ ആശയവിനിമയത്തിനുള്ള ഭാഷയാണെങ്കിലും ജര്‍മന്‍ ഭാഷയിലുള്ള പ്രാവീണ്യം തദ്ദേശീയരുമായുള്ള ബന്ധം മെച്ചമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയില്‍ മാത്രം നാലു ലക്ഷം തൊഴിലവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആസ്ട്രിയയില്‍ നൂറോളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിലവിലുണ്ടെന്ന് അഡ്വാന്റേജ് ആസ്ട്രിയ പ്രതിനിധി ഹാന്‍സ്‌ജോര്‍ഗ് ഹോര്‍ട്‌നല്‍ ചൂണ്ടിക്കാട്ടി. ജീവശാസ്ത്രമേഖലയിലും സാധ്യതകളേറെയാണ്. മനുഷ്യശേഷിക്കു പകരം വെച്ച് ഓട്ടോമേറ്റഡ് ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ശ്രമങ്ങളിലും സാധ്യതകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നൂതനവിദ്യാ വികസനത്തിന് ഉഭയകക്ഷി സഹകരണം ഉണ്ടാകണമെന്നു സ്വിസ്‌നെക്‌സിന്‍ സി ഇ ഓ ജോനാസ് ബ്രണ്‍ഷ്വിഗ് അഭിപ്രായപ്പെട്ടു. പരമ്പരാഗത മേഖലകള്‍ക്കപ്പുറത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇപ്പോള്‍ അവസരങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏണസ്റ്റ് ആന്‍ഡ് യങ് പാര്‍ട്ണര്‍ രാജേഷ് നായര്‍ സെമിനാറില്‍ മോഡറേറ്ററായിരുന്നു.