image

4 April 2025 6:16 AM

Startups

സ്റ്റാര്‍ട്ടപ്പുകളെ വൈവിധ്യവല്‍ക്കരിക്കണമെന്ന് ഗോയല്‍

MyFin Desk

സ്റ്റാര്‍ട്ടപ്പുകളെ വൈവിധ്യവല്‍ക്കരിക്കണമെന്ന് ഗോയല്‍
X

Summary

  • സ്റ്റാര്‍ട്ടപ്പുകള്‍ സെമികണ്ടക്ടര്‍, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ്, എഐ മേഖലകളിലേക്ക് ശ്രദ്ധ തിരിക്കണം
  • കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപകരെ ആകര്‍ഷിക്കേണ്ടത് ആവശ്യം


ഫുഡ് ഡെലിവറി ആപ്പുകളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത് മാറ്റണമെന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സമൂഹത്തോട് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. സെമികണ്ടക്ടര്‍, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ഹൈടെക് മേഖലയിലേക്ക് ശ്രദ്ധ തിരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപകരെ ആകര്‍ഷിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിലേക്ക് രാജ്യത്തെ ഒരുക്കുന്നതില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതിക വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സ്വഭാവത്തെ ചൈനീസ് സ്റ്റാര്‍ട്ടപ്പുകളുമായി താരതമ്യം ചെയ്യുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പ് മഹാകുംഭില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാര്‍ട്ടപ്പ് യാത്രയില്‍ വെല്ലുവിളികള്‍ നേരിടുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കും. അതിനാല്‍ സ്ഥിരോത്സാഹത്തോടെ മുന്നോട്ട് പോകാനും ഗോയല്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര മൂലധന നിക്ഷേപം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രി, വിദേശ മൂലധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ദീര്‍ഘകാല സാമ്പത്തിക പ്രതിരോധശേഷി ഉറപ്പാക്കുന്നതിനും തദ്ദേശീയ നിക്ഷേപത്തിന്റെ ശക്തമായ അടിത്തറ നിര്‍ണായകമാണെന്ന് പറഞ്ഞു.

രാജ്യത്ത് ആകെ 1.57 ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഔദ്യോഗിക അംഗീകാരമുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, നൂറിലധികം യൂണികോണുകളുള്ള ഇന്ത്യ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബാണ്.