image

2 May 2024 11:03 AM GMT

Startups

സംസ്ഥാനത്തെ ആദ്യ സര്‍ക്കാരിതര കാമ്പസ് വ്യവസായപാര്‍ക്ക്; അമരക്കാര്‍ ജെന്‍ റോബോട്ടിക്‌സ്

MyFin Desk

gen robotics launches first non-govt campus industrial park
X

Summary

  • സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ കാമ്പസുകളില്‍ വ്യവസായപാര്‍ക്കെന്ന ആശയത്തിന്റെ ഭാഗമായാണ് ഇത്.
  • മൂന്ന് കോടി രൂപ നിക്ഷേപം
  • രാജ്യത്തെ ഏറ്റവും മികച്ച എഐ സ്റ്റാര്‍ട്ടപ്പുകളില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം പിടിച്ച കമ്പനി


കേരളത്തില്‍ നിന്നുള്ള റോബോട്ടിക്‌സ് സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്‌സ് സംസ്ഥാനത്തെ ആദ്യ സര്‍ക്കാരിതര കാമ്പസ് വ്യവസായ പാര്‍ക്കിന് തുടക്കം. മുവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലാണ് (ഐസിഇടി) പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ കാമ്പസുകളില്‍ വ്യവസായപാര്‍ക്കെന്ന ആശയത്തിന്റെ ഭാഗമായാണ് പാര്‍ക്ക് ആരംഭിച്ചത്.

റോബോട്ടിക്‌സ് സാങ്കേതികവിദ്യയില്‍ എഐ സാങ്കേതിക വിദ്യ കൂടുതല്‍ ഫലവത്തായി സമന്വയിപ്പിക്കാനുള്ള ഗവേഷണങ്ങളാകും അത്യാധുനിക വ്യവസായപാര്‍ക്കില്‍ ഉണ്ടാകും. മൂന്ന് കോടി രൂപ നിക്ഷേപത്തിലാണ് പാര്‍ക്ക് ആരംഭിക്കുന്നത്.

ഐസിഇടിയില്‍ നടന്ന ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഒഒ ടോം തോമസ് വ്യവസായ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഐസിഇടി ഡയറക്ടര്‍ അബ്ദുള്‍ സലാം, മാനേജര്‍ വി യു സിദ്ദിഖ്, ചെയര്‍മാന്‍ പി എച് മുനീര്‍, ജെന്‍ റോബോട്ടിക്‌സിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ നിഖില്‍ എന്‍ പി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

മാലിന്യക്കുഴലുകള്‍ വൃത്തിയാക്കാനുള്ള ബാന്‍ഡികൂട്ട് എന്ന റോബോട്ടിലൂടെ ലോകപ്രശസ്തമായ കമ്പനിയാണ് ജെന്‍ റോബോട്ടിക്‌സ്. രാജ്യത്തെ ഏറ്റവും മികച്ച എഐ സ്റ്റാര്‍ട്ടപ്പുകളില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം പിടിച്ച കമ്പനിയുമാണിത്. ഹ്യൂമനോയിഡ്, സെമി ഹ്യൂമനോയിഡ് വിഭാഗത്തില്‍പ്പെടുന്ന റോബോട്ടുകളുടെ വികസനം, നൂതനാശയങ്ങളുടെ വാണിജ്യവത്കരണം, എഐ സമന്വയിപ്പിക്കല്‍ എന്നിവയാണ് ജെന്‍ റോബോട്ടിക്‌സ് ഉദ്ദേശിക്കുന്നത്.





സംസ്ഥാനത്തെ ആദ്യ ഹ്യൂമനോയിഡ് ഗവേഷണ സ്ഥാപനമാകും ഇത്. ഇന്റേണ്‍ഷിപ്പുകള്‍, ഗവേഷണം, ജോലി തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്കും പുറത്തുള്ളവര്‍ക്കും ഈ വ്യവസായപാര്‍ക്കിലൂടെ നല്‍കാനുദ്ദേശിക്കുന്നു.

സംസ്ഥാനത്തെ കോളേജുകളില്‍ സാങ്കേതിക ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലേക്കുള്ള ആദ്യ കാല്‍വയ്പാണ് ഐസിഇടിയുമായുള്ള ഈ സംയുക്ത സംരംഭമെന്ന് നിഖില്‍ എന്‍ പി പറഞ്ഞു. അക്കാദമിക് ഗവേഷണങ്ങള്‍ ഹ്യൂമനോയിഡ് റോബോട്ടിക്‌സിലേക്ക് ജെന്‍ റോബോട്ടിക്‌സിന്റെ മേല്‍നോട്ടത്തില്‍ നടത്തുകയാണ് ചെയ്യുന്നത്.

കൃത്യമായ ഗവേഷണത്തിലൂടെ റോബോട്ടിക്‌സിനെയും എഐയേയും സമന്വയിപ്പിക്കാനായുള്ള വ്യവസായ പാര്‍ക്ക് രാജ്യത്താദ്യമായാണ് സ്ഥാപിക്കുന്നതെന്ന് നിഖില്‍ ചൂണ്ടിക്കാട്ടി. മനുഷ്യന്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനും റോബോട്ടിക്‌സിലെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ വ്യവസായ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഐ റോബോട്ടിക്‌സ് മേഖലയില്‍ സ്വപ്നതുല്യമായ നേട്ടങ്ങളുമായി മുന്നേറുന്ന ജെന്‍ റോബോട്ടിക്‌സ് സംസ്ഥാന സര്‍ക്കാരിന്റെ പ്രൈഡ് ഓഫ് കേരള പുരസ്‌ക്കാരം നേടിയിട്ടുണ്ട്. അത്യാധുനിക മെഡിക്കല്‍ റോബോട്ടിക്‌സ് മുതല്‍ ഓയില്‍ ടാങ്ക് വൃത്തിയാക്കല്‍ വരെയുള്ള ഓട്ടോമാറ്റിക് ടെക്‌നോളജി റോബോട്ടുകളും ഇവര്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു.