16 Dec 2023 1:09 PM GMT
Summary
- ബൈജൂസ്, ഓല, അൺകാഡമി, ബ്ലിങ്കിറ്റ്, വൈറ്റ്ഹാറ്റ് ജൂനിയർ എന്നിവ മുന്നിൽ
- ഐടി മേഖലയിൽ തൊഴിൽ നഷ്ടമാകുന്നത് ഒരു സ്ഥിരം പരിപാടി
- 2023-ൽ കേരളത്തിൽ 652 പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തു
ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് പ്രതിസന്ധികളുടെ വർഷമാണ് കടന്നു പോകുന്നത്. ഫണ്ടിംഗ് വറ്റിയതോടെ തൊഴിൽ നഷ്ടം സ്റ്റാർട്ടപ്പുകളിൽ തുടർ കഥയായി. മലയാളിയുടെ സ്റ്റാർട്ടപ്പായ ബൈജൂസ് 5000 ത്തിലധികം ജീവനക്കാരെയാണ് കഴിഞ്ഞ വർഷം പിരിച്ചു വിട്ടത്.
റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തിയ ആഘാതവും പണപ്പെരുപ്പവുമാണ് 2022- ൽ സ്റ്റാർട്ടപ്പുകളുടെ വളർച്ചക്ക് വിഘാതമായതെങ്കിൽ, ഈ വർഷം അത് പലസ്ഥീൻ ഇസ്രായേൽ യുദ്ധമാണ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വിവിധ സ്റ്റാർട്ടപ്പുകളിലായി 35000 ജീവനക്കാർക്ക് ഈ വർഷം ജോലി നഷ്‌ടപ്പെട്ടു.
ബൈജൂസ്, ഓല, അൺകാഡമി, ബ്ലിങ്കിറ്റ്, വൈറ്റ്ഹാറ്റ് ജൂനിയർ എന്നിവ കഴിഞ്ഞ വർഷം 13,740 ജീവനക്കാരെ പിരിച്ചു വിട്ടു. ഈ കമ്പനികളിൽ 2022-ൽ ഏകദേശം 9,390 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.
എഐയുടെ സാങ്കേതിക വികാസം
സ്റ്റാർട്ടപ്പുകളിൽ ജോലി നഷ്ടപ്പെടുന്നത് ഒരു തുടർകഥയായിരിക്കുകയാണെന്ന് ഐടി എംപ്ലോയീസ് അസ്സോസിയേഷൻ പ്രസിഡൻറ് അനൂപ് എബി പറഞ്ഞു. “ഇക്കാര്യത്തിൽ ഗവൺമെൻറ് തലത്തിൽ ഇടപെടൽ ഉണ്ടാകണം. കേരളത്തിൽ പുതിതായി തുടങ്ങുന്ന സ്റ്റാർട്ടപ്പുകളിൽ ബഹുഭൂരിപക്ഷവും വളരെ വേഗം പ്രതിസന്ധിയിലാകുന്നു. അതല്ലെങ്കിൽ വിപണിയിൽ ചുവടുറപ്പിക്കുന്നതോടെ അവ ബാംഗ്ലൂർ പോലെയുള്ള സ്ഥലങ്ങളിലേക്ക് മാറുന്നു. ഇത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പെട്ടെന്നൊരു സ്ഥലം മാറ്റം സാധിക്കാത്ത ജീവനക്കാർ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. ഐടി മേഖലയിൽ തൊഴിൽ നഷ്ടമാകുന്നത് ഒരു സ്ഥിരം പരിപാടിയായി കഴിഞ്ഞിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യയുടെ പുരോഗതി സ്റ്റാർട്ടപ്പുകളിലെ തൊഴിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. എഐ പോലുള്ള സാങ്കേതിക വികാസം ഒട്ടേറെ തൊഴിലുകൾ നഷ്ടപ്പെടുത്തി.
ഗവേഷണ പ്ലാറ്റ്‌ഫോമായ ട്രാക്ക്സൺ പുറത്തു വിട്ട കണക്കുകൾ അനുസരിച്ച്, ഈ വർഷം ഡിസംബർ 5 വരെ, ഇന്ത്യയിൽ, സ്റ്റാർട്ടപ്പ് ഫണ്ടിംഗ് അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. മുൻ വർഷം ലഭിച്ച 25 ബില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷം ലഭിച്ചത് വെറും 7 ബില്യൺ ഡോളർ. ലെറ്റ്സ് വെഞ്ചേഴ്സ്,,അക്സെൽ,ബ്ലൂം വെഞ്ചേഴ്സ് എന്നിവരാണ് 2023-ൽ ഇന്ത്യൻ ടെക് കമ്പനികളിലെ മുൻനിര നിക്ഷേപകർ.
പിരിച്ചുവിടൽ ഒരു തുടർകഥ
2023-ൽ കേരളത്തിൽ 652 പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തു. എറണാകുളത്താണ് 180 എണ്ണം, 71 എണ്ണം തിരുവനന്തപുരത്തും. 4000-ത്തിലധികം സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ നിലവിലുള്ളത്. ഫണ്ടിംഗ് കുറഞ്ഞതോടെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾളും പ്രതിസന്ധിയാലായി.
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഈ വർഷം ജൂലൈ മുതൽ സെപ്തംബർ വരെ 1.5 ബില്യൺ ഡോളർ സമാഹരിച്ചു, 2023 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ഇത് ഏകദേശം 957 മില്യൺ ഡോളറായിരുന്നുവെന്ന് ട്രാക്ക്‌എൻ ജിയോയുടെ റിപ്പോർട്ട് പറയുന്നു.
ലോകമെമ്പാടുമുള്ള മുൻ നിര ഐടി കമ്പനികളിലെ പ്രൊഫഷണലുകൾക്ക് 2023 -ൽ തൊഴിൽ നഷ്ടപ്പെട്ടു. ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, എന്നിവ ഈ വർഷം ആദ്യം 1,06,950 ജീവനക്കാരെ പിരിച്ചു വിട്ടു. ഓർഗനൈസേഷണൽ റീസ്ട്രക്ചറിംഗ്, ചെലവ് ചുരുക്കൽ, എഐ യിലേക്കുള്ള ചുവടുമാറ്റം എന്നിവ ചൂണ്ടി കാട്ടിയാണ് കമ്പനികൾ പിരിച്ചു വിടൽ തീരുമാനങ്ങളെ ന്യായീകരിക്കുന്നത്.
ജനപ്രിയ സംഗീത സ്ട്രീമിംഗ് സേവനമായ സ്പോട്ടിഫൈ ഡിസംബറിൽ 1,500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. ആകെ തൊഴിലാളികളുടെ 17 ശതമാനമാണിത്. ടെക് വ്യവസായത്തിൽ ലോകമെട്ടാകെ 2023-ൽ 240,000-ലധികം ജോലികൾ നഷ്‌ടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 50% കൂടുതലാണ്. ഈ വർഷമാദ്യം, ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, യാഹൂ, മെറ്റാ, സൂം തുടങ്ങിയ ടെക്‌നോളജിയിലെ ഏറ്റവും വലിയ കമ്പനികൾ വൻതോതിൽ തൊഴിൽ ശക്തി കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.