image

10 Aug 2023 2:00 PM IST

Startups

ചാര്‍ജ്‌മോഡില്‍ 2.5 കോടി രൂപയുടെ നിക്ഷേപവുമായി ഫിനിക്‌സ് എയ്ഞ്ചല്‍സ്

Kochi Bureau

phoenix angels investment in chargemod
X

Summary

  • എല്‍ ആന്‍ഡ് ടി, മുരുഗപ്പ ഗ്രൂപ്പ്, കെഎസ്ഇബി, കൊച്ചി മെട്രോ എന്നിവ ചാര്‍ജ് മോഡിന്റെ ഉപഭോക്താക്കളാണ്.


നോൺ - പ്രോഫിറ്റ് ഓർഗനൈസേഷൻ ആയ ഫിനിക്‌സ് എയ്ഞ്ചല്‍സില്‍ നിന്നും രണ്ടരക്കോടി രൂപയുടെ നിക്ഷേപം നേടി ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) സ്റ്റാര്‍ട്ടപ്പായ ചാര്‍ജ്‌മോഡ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ചാര്‍ജ് മോഡ് വീടുകളിലും വാണിജ്യകേന്ദ്രങ്ങളിലും സ്ഥാപിക്കാവുന്ന ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍ വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പാണ്.

കോഴിക്കോട് ആസ്ഥാനമായാണ് ചാര്‍ജ് മോഡ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിടെക് പഠനത്തിന് ശേഷം എം രാമനുണ്ണി, അനൂപ് വി, അദ്വൈത് സി, ക്രിസ് തോമസ് എന്നിവര്‍ ചേര്‍ന്ന് 2019 ലാണ് ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. എല്‍ ആന്‍ഡ് ടി, മുരുഗപ്പ ഗ്രൂപ്പ്, കെഎസ്ഇബി, കൊച്ചി മെട്രോ തുടങ്ങിയവർ ചാര്‍ജ് മോഡിന്റെ ഉപഭോക്താക്കളാണ്. ഇന്ന് കേരളത്തിലെ ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ 90 ശതമാനവും ചാര്‍ജ്‌മോഡാണ് ഉപയോഗിക്കുന്നത്. ദേശീയ തലത്തില്‍ 2300 ലേറെ ചാര്‍ജിംഗ് സംവിധാനം ഉറപ്പാക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്. പാര്‍ക്കിംഗ് സ്ലോട്ടുകളിലും വര്‍ക്ക് സ്പേസിലും അടക്കം വാഹന ഉടമയ്ക്ക് സാധ്യമായ എല്ലാ ഇടങ്ങളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം.

കേരളം ആസ്ഥാനമായി ഷിറാജ് ജേക്കബ്, ജോ രഞ്ജി, ഹരികൃഷ്ണന്‍ വി എന്നിവര്‍ തുടങ്ങിയ എയ്ഞ്ചല്‍ നിക്ഷേപകരുടെ കൂട്ടായ്മയാണ് ഫീനിക്‌സ് എയ്ഞ്ചല്‍സ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ എയ്ഞ്ചല്‍ നിക്ഷേപം നടത്തുന്നതിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഉത്പന്ന വികസനത്തിനും ശൃംഖല വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നിക്ഷേപത്തുക വിനിയോഗിക്കുകയെന്ന് ചാര്‍ജ്‌മോഡ് സിഇഒയും സഹസ്ഥാപകനുമായ എം രാമനുണ്ണി പറഞ്ഞു. ലളിതവും സൗകര്യപ്രദവും വിശ്വാസ്യതയുമാണ് ചാര്‍ജ്‌മോഡ് ഉല്‍പന്നങ്ങളുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ഉല്‍പന്നവും സക്രിയമായ ടീമംഗങ്ങളുമാണ് ചാര്‍ജ് മോഡിനെ വ്യത്യസ്തമാക്കുന്നതെന്ന് ഫീനിക്‌സ് എയഞ്ചല്‍സി ഡയറക്ടര്‍ ജോ രഞ്ജി പറഞ്ഞു. രാജ്യത്തെ ചാര്‍ജിംഗ് സേവന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായി ചാര്‍ജ്‌മോഡ് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.