image

28 Nov 2024 4:11 PM GMT

Startups

ഹഡില്‍ ഗ്ലോബലിന്‌ തുടക്കം ; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

MyFin Desk

ഹഡില്‍ ഗ്ലോബലിന്‌ തുടക്കം ; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
X

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ 2024 ന്റെ ആറാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവളത്ത് ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഇലക്ട്രോണിക്സ്- ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, സ്റ്റാര്‍ട്ടപ് ഇന്ത്യ ഡയറക്ടര്‍ ഡോ.സുമീത് കുമാര്‍ ജറങ്കല്‍, ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന സര്‍ക്കാരിന്റെ ഹൈ പവര്‍ ഐടി കമ്മിറ്റി വൈസ് ചെയര്‍മാനുമായ എസ്.ഡി ഷിബുലാല്‍, നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെ.വി, കെഎസ് യുഎം സിഇഒ അനൂപ് അംബിക, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ ഭുവനേശ്വരി എ, കെഎസ് യുഎം സിഒഒ ടോം തോമസ് എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. അഡെസോ സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി, എആര്‍എഐ, ഇ റ്റു ഇ നെറ്റ് വര്‍ക്ക്സ്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി (യുഎസ്എ), എല്‍ഒഐ ബ്രിട്ടീഷ് കൗണ്‍സില്‍ എന്നിവയുമായുള്ള ധാരണാപത്രങ്ങളും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി. സ്റ്റാര്‍ട്ടപ്പുകളുമായുള്ള സംവാദത്തിലും മുഖ്യമന്ത്രി പങ്കെടുത്തു.

എൽഡിഎഫ് സർക്കാർ 2016-ൽ അധികാരമേറ്റെടുക്കുമ്പോൾ കേരളത്തിലുണ്ടായിരുന്നത് 300 സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നെന്നും എന്നാൽ ഇന്ന് 6,100 സ്റ്റാർട്ടപ്പുകളാണ് ഇവിടെയുള്ളതെന്നും ഉദ്ഘാടന ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തെ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട സംസ്ഥാനമായി കേരളം മാറി എന്നു പറയുന്നത് 2024-ലെ ഇന്ത്യ സ്കിൽസ് റിപ്പോർട്ടാണ്. ഈ മുന്നേറ്റത്തിനു കൂടുതൽ ഉണർവ്വും ദിശാബോധവും പകരാൻ സാധിക്കുന്ന പരിപാടിയാണ് ഹഡിൽ ഗ്ലോബലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയായ ഹഡിൽ ഗ്ലോബൽ 2024-നു ഇന്ന് കോവളത്ത് തുടക്കം കുറിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2016-ൽ അധികാരമേറ്റെടുക്കുമ്പോൾ കേരളത്തിലുണ്ടായിരുന്നത് 300 സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നു. ആകെയുണ്ടായിരുന്നത് 3000 തൊഴിലവസരങ്ങളും 50 കോടി രൂപയുടെ നിക്ഷേപവും. എന്നാൽ ഇന്ന് 2024-ൽ കേരളത്തിലുള്ളത് 6,100 സ്റ്റാർട്ടപ്പുകളാണ്. ആകെ തൊഴിലവസരങ്ങൾ 62,000 കവിഞ്ഞു. നിക്ഷേപമാകട്ടെ 5,800 കോടി രൂപയും. രാജ്യത്തെ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട സംസ്ഥാനമായി കേരളം മാറി എന്നു പറയുന്നത് 2024-ലെ ഇന്ത്യ സ്കിൽസ് റിപ്പോർട്ടാണ്.

അഭിമാനകരമായ ഈ മാറ്റം കേരളത്തിനു സാധ്യമായത് ദീർഘവീക്ഷണത്തോടെയുള്ള സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കൊണ്ടാണ്. വ്യക്തതയുള്ള ഒരു സ്റ്റാർട്ടപ്പ് നയത്തിനു രൂപം നൽകാനും അതു വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനും സർക്കാരിനു സാധിച്ചു. ഈ മുന്നേറ്റത്തിനു കൂടുതൽ ഉണർവ്വും ദിശാബോധവും പകരാൻ സാധിക്കുന്ന പരിപാടിയാണ് ഹഡിൽ ഗ്ലോബൽ. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ധര്‍, ഇന്നൊവേറ്റേഴ്‌സ്, ഉപദേഷ്ടാക്കള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവർ പങ്കെടുക്കുന്നു.

സമ്മേളനവേദിയിൽ വെച്ച് സ്റ്റാർട്ടപ്പ് മേഖലയിലെ പ്രമുഖരുമായും ഉയർന്നുവരുന്ന സംരംഭകരുമായും സംവദിക്കാൻ സാധിച്ചത് ഹൃദ്യമായ അനുഭവമായിരുന്നു. അവർ പങ്കുവെച്ച നിർദ്ദേശങ്ങളും ആശയങ്ങളും സർക്കാർ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. നിർദ്ദേശങ്ങൾക്ക് ഉചിതമായ നടപടികൾ വേഗത്തിൽ തന്നെ കൈക്കൊള്ളുന്നതായിരിക്കും. സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ദിശാബോധവും പിന്തുണയും നൽകാനും നാടിന്‍റെ വികസന മുന്നേറ്റത്തിൽ ചാലകശക്തിയാകാനും ഹഡിൽ ഗ്ലോബലിനു കഴിയട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.