7 Nov 2023 6:06 AM GMT
Summary
- കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം
- മേഖലയിലെ വിദഗ്ധരായ 15 പേരെ ഇതിനകം കമ്പനി നിയമിച്ചു
- 2024 രണ്ടാംപകുതിയില്‍ സ്റ്റാര്‍ട്ടപ്പ് ലോഞ്ച് ചെയ്യും
ഫ്ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ ബിന്നി ബന്‍സാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രാധാന്യവും ആവശ്യകതയും ഉപയോഗപ്പെടുത്തുന്നതിനായി ഒരു എഐ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.
ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഐടി ദാതാക്കള്‍ പിന്തുടരുന്ന മാതൃകയ്ക്ക് സമാനമായി ലോകമെമ്പാടുമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് എഐ കഴിവുകളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനായി മേഖലയിലെ 15 വിദഗധരെ കമ്പനി നിയമിച്ചിട്ടുണ്ട്. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായും അവര്‍ പറയുന്നു.
ഇന്ത്യയിലെ ചെറിയ നഗരങ്ങളില്‍ നിന്നുള്ള 'പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും' സ്റ്റാര്‍ട്ടപ്പ് ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബന്‍സാല്‍ ചോദ്യങ്ങളോട് പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നിരുന്നാലും, ആദ്യം ഇ-കൊമേഴ്സ്, നിയമ വ്യവസായങ്ങളെയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് കമ്പനിയോടടുത്തവൃത്തങ്ങള്‍ പറയുന്നു. അടുത്ത നീക്കങ്ങള്‍ അനലിറ്റിക്സ്, ഡാറ്റാ സയന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലകളിലായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൃത്യമായ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല, എന്നാല്‍ 2024 രണ്ടാം പകുതിയില്‍ ലോഞ്ച് പ്രതീക്ഷിക്കുന്നു.
പുതിയ സംരംഭം ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിക്കുമെങ്കിലും ആസ്ഥാനം സിംഗപ്പൂരായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ട് വില്‍പ്പനയ്ക്ക് ശേഷം ബന്‍സാല്‍ സിംഗപ്പൂരിലേക്ക് മാറുകയും രണ്ട് നഗരങ്ങള്‍ക്കിടയില്‍ പതിവായി യാത്ര ചെയ്യുകയും ചെയ്യുന്നു. യുഎസ് വിപണിയിലേക്കുള്ള പ്രവേശനവും വിപുലീകരണ പദ്ധതികളില്‍ ഉള്‍പ്പെടുന്നു, വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ബന്‍സാല്‍, ഐഐടി-ഡെല്‍ഹിയിലെ സഹപ്രവര്‍ത്തകനായിരുന്ന സച്ചിന്‍ ബന്‍സാലുമായി സഹകരിച്ചായിരുന്നു ഫ്‌ളിപ്കാര്‍ട്ട് സ്ഥാപിച്ചത്. ആമസോണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് ആറുവര്‍ഷം മുമ്പ് ബന്‍സാല്‍ ഫ്‌ളിപ് കാര്‍ട്ട് സ്ഥാപിച്ചു. ഇന്ന് ആമസോണിന് ബദലാണ് കമ്പനി.
2018-ല്‍ 1600 കോടി ഡോളറിന് കമ്പനിയിലെ തന്റെ ഭൂരിഭാഗം ഓഹരികളും വാള്‍മാര്‍ട്ടിന് വിറ്റപ്പോള്‍ ബിന്നി ബന്‍സാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സിഇഒ ആയിരുന്നു. ഫ്‌ളിപ്കാര്‍ട്ട് ബോര്‍ഡില്‍ തുടരുന്ന അദ്ദേഹത്തിന് കമ്പനിഏറ്റെടുത്ത ഡിജിറ്റല്‍ പേയ്‌മെന്റ് സേവനമായ ഫോണ്‍പേയില്‍ ഓഹരിയുമുണ്ട്.