16 Nov 2023 11:28 AM GMT
Summary
പൂന്തോട്ട പരിപാലനത്തിനായി രൂപകല്‍പ്പന ചെയ്ത എ ഐ എനേബിള്‍ഡ് ഗാര്‍ഡ്രോ റോബോട്ടുകളാണ് മേളയില്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുന്നത്
കുട്ടി കര്‍ഷകരെ വളര്‍ത്തിയെടുക്കാനായി കുഞ്ഞന്‍ റോബോട്ടുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിയായ പ്രിന്‍സ് മാമ്മന്‍. പൂന്തോട്ട പരിപാലനത്തിനായി രൂപകല്‍പ്പന ചെയ്ത എ ഐ എനേബിള്‍ഡ് ഗാര്‍ഡ്രോ റോബോട്ടുകളാണ് ഹഡില്‍ ഗ്ലോബല്‍ മേളയില്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുന്നത്. കുട്ടികളിലെ പരിസ്ഥിതി അവബോധം വികസിപ്പിക്കുന്നതിനും ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി വികസിപ്പിച്ചെടുത്ത റോബോട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.
മെക്കാട്രോണിക്സ് എഞ്ചിനീയറിംഗിന്റെ പശ്ചാത്തലത്തില്‍, റോബോട്ടിക് ഫാമിങ്ങിലെ അന്താരാഷ്ട്ര മുന്നേറ്റങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വികസിപ്പിച്ചെടുത്തവയാണ് ഈ കുഞ്ഞന്‍ റോബോട്ടുകള്‍. കാര്‍ഷികവൃത്തി ലളിതമാക്കി ഇന്ത്യയിലും സമാനമായ സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് പ്രിന്‍സ് ഗാര്‍ഡ്രോ വിപണിയില്‍ ഇറക്കാന്‍ തയ്യാറാവുന്നത്.
ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ പോസിറ്റീവ് ടെക്‌നോളജി ഉപയോഗത്തെക്കുറിച്ചുള്ള അറിവും ബോധ്യവും വളര്‍ത്തിയെടുക്കാന്‍ ഈ കണ്ടുപിടുത്തം സഹായിക്കുമെന്നും പ്രിന്‍സ് മാമന്‍ അഭിപ്രായപ്പെട്ടു. പച്ചക്കറി ഫാമിലെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പ്രിന്‍സിന് കൃഷിയോടുള്ള താല്‍പര്യത്തെ സ്വാധീനിച്ചിരുന്നു ഇതാണ് കണ്ടുപിടുത്തതിനു വഴിയൊരുക്കിയത്. വീഡിയോ ഗെയിമിനും കാര്‍ട്ടൂണുകള്‍ക്കുമായി ദീര്‍ഘനേരം ചിലവിടുന്ന കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഗാര്‍ഡ്രോ സഹായകകരമാകുമെന്നും പ്രിന്‍സ് പറയുന്നു.കുട്ടികളുടെ വളര്‍ച്ചയിലും കാര്‍ഷിക മേഖലയുടെ വികാസത്തിലും വലിയ മാറ്റങ്ങള്‍ സാധ്യമാക്കാന്‍ ഗാര്‍ഡ്രോക്ക് കഴിഞ്ഞേക്കും.