24 July 2023 11:59 AM IST
Summary
- അടുത്തമാസം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും
- ചൈനീസ് കമ്പനിയും ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തനം ആരംഭിക്കും
- സിനോപെക് ലങ്കയില്‍ നൂറുകോടി ഡോളര്‍ മുതല്‍ മുടക്കും
ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ധനത്തിനുള്ള പരമാവധി ചില്ലറ വില അടുത്ത മാസം മുതല്‍ അവതരിപ്പിക്കുമെന്ന് ഊര്‍ജ്ജ സഹമന്ത്രി ഡി വി ചനക പറഞ്ഞു. സര്‍ക്കാരിന്റെ വിലനിര്‍ണ്ണയ ഫോര്‍മുല അനുസരിച്ച് പരമാവധി റീട്ടെയില്‍ വില (എംആര്‍പി) നിശ്ചയിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ചനക പറഞ്ഞു. ഇതനുസരിച്ച് രാജ്യത്തെ വന്ധനത്തിന് നിലവിലുള്ള വിലയില്‍ മാറ്റം വരും. ഇപ്പോഴുള്ള വില കുറയാനാണ് സാധ്യത എന്ന് വിലയിരുത്തപ്പെടുന്നു.
'സര്‍ക്കാര്‍ ഇന്ധനത്തിന് പരമാവധി ചില്ലറ വില്‍പ്പന വില അവതരിപ്പിക്കും. വിലനിര്‍ണ്ണയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ എംആര്‍പി നിശ്ചയിക്കും,' ചനക പറഞ്ഞു.
ഒരു പ്രമുഖ ചൈനീസ് ഊര്‍ജ കമ്പനി ഓഗസ്റ്റില്‍ ആദ്യമായി ശ്രീലങ്കയിലെ റീട്ടെയില്‍ ഇന്ധന വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതിന് മുന്നോടിയായാണ് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നീക്കം. ഇപ്പോള്‍ രാജ്യത്തെ ഇന്ധന വിപണിയില്‍ ഉള്ള മൂന്ന് കമ്പനികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിപിസി, ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ പ്രാദേശിക കമ്പനിയായ എല്‍ഐഒസി, സിനോപെക് എന്നിവയാണ്. ഈ കമ്പനികളെല്ലാം സര്‍ക്കാര്‍ നിശ്ചിക്കുന്ന ഈ എംആര്‍പിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുക. ഭാവിയില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നകാര്യം വ്യക്തമല്ല.
''ഇത് ഉപഭോക്താവിന് മത്സരത്തില്‍ നിന്ന് നേട്ടമുണ്ടാക്കും,'' ചാനക പറഞ്ഞു.ചൈനീസ് ഊര്‍ജ കമ്പനിയായ സിനോപെക് ഓഗസ്റ്റില്‍ ആദ്യമായി റീട്ടെയില്‍ ഇന്ധന വിപണിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ധന ഇറക്കുമതി, സംഭരണം, വില്‍പ്പന എന്നിവയ്ക്കായി 100 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കിക്കൊണ്ട് പ്രാദേശിക ഇന്ധന റീട്ടെയിലിംഗ് പ്രവര്‍ത്തനങ്ങളിലെ മൂന്നാമത്തെ കമ്പനിയായാണ് സിനോപെക് എത്തുന്നത്. നിലവില്‍ പെട്രോളിയം കോര്‍പ്പറേഷന്റെ കീഴിലുള്ള 150 സ്വകാര്യ ഉടമസ്ഥതയിലുള്ള ഇന്ധന ഔട്ട്ലെറ്റുകള്‍ അവര്‍ ഏറ്റെടുക്കുകയും 50 പുതിയ ഇന്ധന സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ചെയ്യും.
അതേസമയം, നാഗപട്ടണം, ട്രിങ്കോമാലി, കൊളംബോ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന എണ്ണ വിതരണ പൈപ്പ് ലൈനിനുള്ള നിര്‍ദ്ദേശം എല്‍ഐഒസി മുന്നോട്ടുവച്ചതായി ഊര്‍ജ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പദ്ധതിയുടെ സാധ്യതയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
ശ്രീലങ്കന്‍ പ്രസിഡന്റ് നടത്തിയ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായി ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വര്‍ധിച്ച സാമ്പത്തിക സഹകരണത്തിന് ഇരു രാജ്യങ്ങളും തീരുമാനമെടുത്തിരുന്നു. ഇന്ത്യയുടെ യുപിഐയുമായി സഹകരിക്കുന്നത് മുതല്‍ പ്രാദേശിക ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപ ഉപയോഗിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടായി. കൂടാതെ വടക്കന്‍ ശ്രീലങ്കയിലെ ട്രിങ്കോമാലിയുടെ വികസനത്തിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. തമിഴ് വംശജര്‍ ഏറെ താമസിക്കുന്ന മേഖലയാണ് ട്രിങ്കോമാലിയും ജാഫ്‌നയും എല്ലാം. ആ രാജ്യത്തെ ചൈനീസ് ഇടപെടലുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് സമീപമുള്ള പ്രദേശങ്ങളുടെ കാര്യത്തില്‍ ന്യൂഡെല്‍ഹി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ചൈനീസ് പക്ഷത്തുനിന്ന് യാതൊരു എതിര്‍പ്പും ഉണ്ടായില്ല എന്നത് എവരെയും അത്ഭുതപ്പെടുത്തിയിരുന്നു.