20 Sep 2024 10:26 AM GMT
Summary
- പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍മത്സരം കടുക്കും
- മത്സരഫലം പ്രവചനാതീതമെന്ന് മാധ്യമങ്ങള്‍
- സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ വിക്രമസിംഗെക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തല്‍
ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ; 2022 ലെ ജനകീയപ്രക്ഷോഭത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.
ഇടക്കാല പ്രസിഡന്റ് റനില്‍ വിക്രമസിംഗെയടക്കം 39 പേരാണ് മത്സരംഗത്തുള്ളത്. റനില്‍ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും തമ്മിലാണ് പ്രധാന മത്സരം.
യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവായ വിക്രമസിംഗെയ്ക്കാണ് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ട്.
അദ്ദേഹം ഭരണം ഏറ്റെടുത്ത ശേഷമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസമുണ്ടായത്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) നേതാവാണെങ്കിലും സ്വതന്ത്രനായാണ് വിക്രമസിംഗെ ഇക്കുറി മത്സരിക്കുന്നത്.
2022 ലെ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തേക്കാമെന്നാണ് വിക്രമസിംഗെയുടെ പ്രതീക്ഷ. ഇന്ധനം, ആഹാരം, വൈദ്യുതി, ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങി എല്ലാ അവശ്യസാധനങ്ങള്‍ക്കും വില കൂടിയ പശ്ചാത്തലത്തിലായിരുന്നു ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയത്.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാഗി ജന ബലവേഗ (എസ്ജെബി) സ്ഥാനാത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസ ആണ് എതിര്‍ സ്ഥാനാര്‍ത്ഥി. തമിഴ് വംശജരുടെയടക്കം ശക്തമായ ജനപിന്തുണയുള്ള നേതാവാണ് സജിത് പ്രേമദാസ. ജീവിത ചെലവ് നിയന്ത്രിക്കാന്‍ നികുതി കുറയ്ക്കുമെന്നാണ് പ്രേമദാസയുടെ പ്രധാന വാഗ്ദാനം.