9 Nov 2024 8:56 AM GMT
നിക്ഷേപങ്ങളിലെ പലിശ നിരക്ക്, ബാങ്കുകളിലെ ഉപഭോക്തൃ സേവനം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് സൗത്ത് ഇന്ത്യൻ ബാങ്കിന് 59.20 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ബാങ്ക് അക്കൗണ്ടുകളിൽ ഉടമകൾ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്. ഇത് പാലിക്കാത്ത ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് പിഴ ഈടാക്കിയിട്ടുണ്ട്. എന്നാൽ, ഉപഭോക്താക്കളെ SMS അല്ലെങ്കിൽ ഇ-മെയിൽ വഴി മുൻകൂട്ടി അറിയിപ്പുകൾ നൽകിയിട്ടില്ല. ആര്‍ബിഐയുടെ നിർദേശം പ്രകാരം, ഇത്തരത്തിൽ പിഴ അല്ലെങ്കിൽ മറ്റ് ഫീസുകൾ ഈടാക്കുമ്പോൾ ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ നൽകണം.
ബാങ്ക് ഈ പ്രക്രിയ പാലിച്ചില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ, ആർബിഐ സൗത്ത് ഇന്ത്യൻ ബാങ്കിന് നോട്ടീസ് അയച്ചു. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടി പരിഗണിച്ച ശേഷം ബാങ്കിന്റെ പ്രവർത്തനങ്ങളിൽ പിഴവുകൾ ഉള്ളതായി കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ, ബാങ്കിന് പിഴ ചുമത്തുകയായിരുന്നു.
നിയമാനുസൃതവും നിർദേശങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയാണ് പിഴ ചുമത്തിയിരിക്കുന്നതെന്നും ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ പരാമർശിക്കുന്നത് അല്ല നടപടിയെന്നും ആർബിഐ അറിയിച്ചു.