image

12 April 2024 9:30 AM GMT

News

സ്ഥാനാര്‍ഥിയായി ഇന്ദിര ഗാന്ധിയുടെ ഘാതകന്റെ മകനും രംഗത്ത്

MyFin Desk

സ്ഥാനാര്‍ഥിയായി ഇന്ദിര ഗാന്ധിയുടെ ഘാതകന്റെ മകനും രംഗത്ത്
X

Summary

  • സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്
  • 1984 ഒക്ടോബര്‍ 31-നാണ് സുരക്ഷാ ഭടന്മാരായിരുന്ന ബിയാന്ത് സിംഗും, സത് വന്ത് സിംഗും ഇന്ദിര ഗാന്ധിക്കു നേരെ നിറയൊഴിച്ചത്
  • 2014, 2019-ല്‍ ഇന്ദിര ഗാന്ധിയുടെ ഘാതകന്റെ മകന്‍ ജനവിധി തേടിയിരുന്നു


മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഘാതകന്‍ ബിയാന്ത് സിംഗിന്റെ മകന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി രംഗത്ത്.

ബിയാന്ത് സിംഗിന്റെ മകനും 45-കാരനുമായ സരബ്ജിത്ത് സിംഗ് ഖല്‍സയാണ് പഞ്ചാബിലെ ഫരീദ്‌കോട്ടില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

പഞ്ചാബിലെ 13 ലോക്‌സഭാ മണ്ഡലങ്ങളില്‍ ജൂണ്‍ 1-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫരീദ്‌കോട്ടില്‍ ആം ആദ്മി രംഗത്തിറക്കിയിരിക്കുന്നത് അഭിനേതാവ് കൂടിയായ കരംജിത്ത് ആന്‍മോലിനെയും ബിജെപി സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയിരിക്കുന്നത് ഗായകന്‍ കൂടിയായ ഹാന്‍സ് രാജ് ഹാന്‍സിനെയുമാണ്.

2019-ല്‍ ഫരീദ്‌കോട്ടില്‍ നിന്നും ജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുഹമ്മദ് സാദിഖാണ്.

2014-ല്‍ ഫത്തേഗാര്‍ഗ് സാഹിബില്‍ നിന്നും 2019-ല്‍ ബതീന്ദ മണ്ഡലത്തില്‍ നിന്നും ബിഎസ്പി സ്ഥാനാര്‍ഥിയായി സരബ്ജിത്ത് സിംഗ് ജനവിധി തേടിയിരുന്നു.

2019-ല്‍ സ്ഥാനാര്‍ഥിയായപ്പോള്‍ സത്യവാങ്മൂലത്തില്‍ സരബ്ജിത്ത് സിംഗ് അറിയിച്ചത് 3.5 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ്.

സരബ്ജിത്ത് സിംഗിന്റെ അമ്മ ബിമല്‍ കൗറും മുത്തച്ഛന്‍ സുച സിംഗും 1989-ല്‍ യഥാക്രമം റോപ്പര്‍, ബതീന്ദ മണ്ഡലങ്ങളില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

1984 ഒക്ടോബര്‍ 31-നാണ് സുരക്ഷാ ഭടന്മാരായിരുന്ന ബിയാന്ത് സിംഗും, സത് വന്ത് സിംഗും ഇന്ദിര ഗാന്ധിക്കു നേരെ നിറയൊഴിച്ചത്.