25 May 2023 10:31 AM
Summary
- ഓരോ കമ്പനിയിലും $50-100 മില്യൺ നിക്ഷേപിക്കും
- ഐപിഒ മാറ്റിവെച്ച കമ്പനികളിലെ നിക്ഷേപ അവസരങ്ങളും പരിഗണനയില്‍
- നിക്ഷേപമെത്തുന്നത് ഫണ്ടിംഗ് പ്രതിസന്ധിയുടെ കാലത്ത്
ജപ്പാനില്‍ നിന്നുള്ള ടെക് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് നാലോ അഞ്ചോ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലായി $100 മില്യണ്‍ നിക്ഷേപിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഏകദേശം $400 - 500 മില്യൺ മൂല്യമുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായി അവരുടെ അടുത്ത ഘട്ട വളർച്ചയിൽ നിക്ഷേപിക്കുന്നതിനായി സോഫ്റ്റ്‍ബാങ്ക് ചർച്ചകൾ നടത്തിവരികയാണ്. ബി2സി, എന്റർപ്രൈസ്, മീഡിയ എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകളെയാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓരോ കമ്പനിയിലും $50-100 മില്യൺ നിക്ഷേപിക്കാനാണ് പദ്ധതി.ഇത് ഇന്ത്യൻ സ്റ്റാർട്ടപ്പുകളില്‍ സോഫ്റ്റ്‍ബാങ്ക് മുമ്പ് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുമായി പരിഗണിക്കുമ്പോള്‍ വളരേ കുറവാണ്. 2022-ൽ, സോഫ്റ്റ്‌ബാങ്ക് ഏകദേശം $ 500 മില്യൺ നിക്ഷേപമാണ് നടത്തിയത്. അത് കൂടുതലും സോഫ്റ്റ്‌വെയര്‍ സേവന (SaaS) കമ്പനികളിലായിരുന്നു. ഇത് 2021 ൽ നിക്ഷേപിച്ച $ 3.2 ബില്യണിനേക്കാൾ വളരെ കുറവായിരുന്നു.
ഈ വര്‍ഷം സോഫ്റ്റ് ബാങ്കിന്‍റെ മൊത്തം ഇന്ത്യൻ നിക്ഷേപം $500 മില്യണിൽ താഴെയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ, ഇന്ത്യൻ കമ്പനികളിലെ മൊത്തം നിക്ഷേപം $15 ബില്യണാണ് . മൊത്തം $ 6-7 ബില്യൺ മൂല്യമുള്ള നിക്ഷേപങ്ങളില്‍ നിന്ന് പുറത്തുകടക്കുന്നതിനും ബാങ്ക് തയാറെടുക്കുന്നു. ഇതൊക്കെയാണെങ്കിലും, യുഎസിനും ചൈനയ്ക്കും പിന്നില്‍ സോഫ്റ്റ്ബാങ്കിന്റെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ തുടരുന്നു.
കമ്പനിയുടെ ഉന്നത മാനേജ്‌മെന്‍റ് ഇക്കഴിഞ്ഞ മാർച്ചിൽ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഐപിഒ പ്ലാനുകൾ മാറ്റിവെക്കപ്പെട്ട കമ്പനികളിലെ നിലവിലുള്ള നിക്ഷേപകർ ഒരു സെക്കൻഡറി വിൽപ്പനയിലൂടെ പുറത്തുകടക്കാൻ തയ്യാറുണ്ടെങ്കില്‍ അത്തരം അവസരങ്ങളും സോഫ്റ്റ്ബാങ്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആഗോള അനിശ്ചിതത്വങ്ങളും പാശ്ചാത്യ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും മൂലം ഫണ്ടുകള്‍ നേടുന്നതിന് മിക്ക സ്റ്റാര്‍ട്ടപ്പുകളും പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് സോഫ്റ്റ് ബാങ്കിന്‍റെ ഇന്ത്യന്‍ നിക്ഷേപത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. സാങ്കേതികവിദ്യയുടെ തകർച്ച കാരണം സോഫ്റ്റ്‌ബാങ്കും അതി വിഷൻ ഫണ്ടുകളും ആഗോളതലത്തിൽ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. ഇത് ലോകമെമ്പാടുമുള്ള ടെക് സ്റ്റാർട്ടപ്പുകൾക്കായുള്ള അവരുടെ ചെലവ് വെട്ടിക്കുറയ്ക്കാൻ അവരെ നിർബന്ധിതരാക്കി.
ഇന്ത്യയില്‍ സോഫ്റ്റ് ബാങ്ക് പിന്തുണയ്ക്കുന്ന ഒയോ, മീഷോ തുടങ്ങിയ കമ്പനികളും ചെലവിടല്‍ ഗണ്യമായി കുറയ്ക്കുകയാണ്. ഇത് ഈ കമ്പനികളുടെ വളര്‍ച്ച സംബന്ധിച്ച മുന്‍ പ്രതീക്ഷകളെ ബാധിക്കുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.