image

29 Nov 2022 10:33 AM GMT

Banking

ചെറുസംരംഭങ്ങളെ തുണയ്ക്കാന്‍ സര്‍ക്കാര്‍, സാമൂഹ്യ സുരക്ഷയ്ക്ക് ഒറ്റ വിഹിതം പരിഗണനയില്‍

MyFin Desk

ചെറുസംരംഭങ്ങളെ തുണയ്ക്കാന്‍ സര്‍ക്കാര്‍, സാമൂഹ്യ സുരക്ഷയ്ക്ക് ഒറ്റ വിഹിതം പരിഗണനയില്‍
X

Summary

ഇപിഎഫഒ, ഇഎസ്‌ഐ മുതലായവയിലേക്ക് വ്യത്യസ്ത വിഹിതങ്ങളായിട്ടാണ് പണമടയ്ക്കുന്നത്. സര്‍ക്കാരിന്റെ പുതിയ നീക്കം നടപ്പിലായാല്‍ ശമ്പളത്തിന്റെ 10-12 ശതമാനം ഇങ്ങനെ ഒറ്റ അക്കൗണ്ടിലേക്ക് അടച്ചാല്‍ മതിയാകും.


ഡെല്‍ഹി: ചെറു സംരംഭങ്ങളുടെ പിഎഫ് അടവ് രീതി അവര്‍ക്കനുകൂലമായി മാറ്റുന്നതിനുള്ള ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിങ്ങനെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ വ്യത്യസ്തങ്ങളായിട്ടാണ് ഇപ്പോള്‍ ജീവനക്കാരില്‍ നിന്ന് വിഹിതം പിടിച്ച് തൊഴില്‍ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സിക്ക് നല്‍കുന്നത്. ഇങ്ങനെ ഒരാളില്‍ നിന്ന് വ്യത്യസ്ത വിഹിതങ്ങള്‍ പിടിക്കുന്നതിന് പകരം ഒറ്റ അക്കൗണ്ടില്‍ സംഭാവന ശേഖരിക്കുകയാണ് ഉദ്ദേശം.

നിലവില്‍ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫഒ), എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐ) മുതലായവയിലേക്ക് വ്യത്യസ്ത വിഹിതങ്ങളായിട്ടാണ് പണമടയ്ക്കുന്നത്. ഇത് നടപ്പിലായാല്‍ ശമ്പളത്തിന്റെ 10-12 ശതമാനം ഇങ്ങനെ ഒറ്റ അക്കൗണ്ടിലേക്ക് അടച്ചാല്‍ മതിയാകും. ഇതില്‍ ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍ എന്നിവ മുതല്‍ മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് സംബന്ധിച്ച് ഇപിഎഫ്ഒ, ഇഎസ്‌ഐസി അധികൃതരും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിദഗ്ധ കമ്മറ്റി അംഗങ്ങളും ചര്‍ച്ചയിലാണ്. മാത്രമല്ല തൊഴില്‍ദാതാക്കള്‍ക്കും, തൊഴിലാളികള്‍ക്കും ഇത് എപ്രകാരമാകും ബാധിക്കുക എന്നത് സംബന്ധിച്ച് വ്യക്തമായ പഠനം നടത്തും. വിഹിതം സംബന്ധിച്ച് കൃത്യമായ പഠനങ്ങള്‍ നടത്തിയ ശേഷം വിദഗ്ധ കമ്മറ്റി കേന്ദ്ര തൊഴില്‍ മന്ത്രാലയം മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിലവില്‍ പത്തോ അധിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഇഎസ്ഐയില്‍ ചേര്‍ന്നിരിക്കണമെന്നാണ് നിബന്ധന. 20 ജീവനക്കാരാണ് പിഎഫിന്റെ പരിധി.

പത്തോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ അവരുടെ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സിനായി ഇഎസ്‌ഐസി സ്‌കീമിന് കീഴിലും, 20 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൊഴിലാളികളുള്ളവരും പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി ഇപിഎഫ്ഒയ്ക്ക് കീഴിലും വിഹിതം അടയ്ക്കണം. ചെറുകിട സ്ഥാപനങ്ങളെ ഇപിഎഫ്ഒയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനായി ആവശ്യമായ ജീവനക്കാരുടെ എണ്ണം 10 ആയി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇഎസ്‌ഐസി പ്രകാരം, നിര്‍ബന്ധിത കവറേജിനുള്ളില്‍ വരണമെങ്കില്‍ കുറഞ്ഞത് 10 ജീവനക്കാര്‍ ആ സ്ഥാപനത്തില്‍ ഉണ്ടായിരിക്കണം. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് നിയമപ്രകാരം തൊഴിലുടമകള്‍ വേതനത്തിന്റെ 3.25 ശതമാനവും, ജീവനക്കാര്‍ വേതനത്തിന്റെ 0.75 ശതമാനവും കോണ്‍ട്രിബ്യൂട്ടറി ഫണ്ടിലേക്ക് അടയ്ക്കണം.