9 April 2025 6:50 PM IST
സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്‌സ് ലിമിറ്റഡ് വീണ്ടും പുതുചരിത്രം രചിക്കുന്നു. സ്ഥാപനം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവുമുയർന്ന വിറ്റുവരവും ലാഭവും 2024-25 സാമ്പത്തിക വർഷം എസ്.ഐ.എഫ്.എൽ കരസ്ഥമാക്കി. അറ്റാദായത്തിൽ 155 ശതമാനമാണ് വർധന. 76.05 കോടി രൂപയാണ് ഈ വർഷത്തെ വിറ്റുവരവ്. കഴിഞ്ഞവർഷം 70.05 കോടിയായിരുന്നു. കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്നതാണിത്. അഞ്ച് വർഷമായി തുടർച്ചയായി ലാഭത്തിലാണ് എസ്‌ഐഎഫ്‌എൽ പ്രവർത്തിക്കുന്നത്.
ഡിഫൻസ്, ഏറോസ്പേസ്, ഓയിൽ ആൻഡ് ഗ്യാസ് ,ഓട്ടോമൊബൈൽ, റെയിൽവേ തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ ഫോർജിങ്ങുകൾ നിർമിച്ച് നൽകുന്ന സ്ഥാപനമാണ് എസ്.ഐ.എഫ്.എൽ. ചാന്ദ്രയാൻ, ആദിത്യ എൽ 1 തുടങ്ങി ബഹിരാകാശ ദൗത്യങ്ങളിൽ വിവിധ ഘട്ടങ്ങൾക്കായുള്ള ഫോർജിങ്ങുകളും എസ്ഐഎഫ്എൽ ആണ് നിർമ്മിച്ചു നൽകിയത്. ഈ സാമ്പത്തിക വർഷം കമ്പനിയുടെ വിറ്റുവരവ് 100 കോടി കടത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.