image

9 Sep 2023 11:48 AM GMT

News

തിരുവമ്പാടി ദേവസ്വത്തിനെതിരെ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി നടപടികൾ തുടങ്ങി

C L Jose

Thiruvampady Devaswam news malayalam | loan crises financial news
X

Summary

ദേവസ്വത്തിന്റെ കടം 70 കോടി


തിരുവമ്പാടി ദേവസ്വത്തിന് നൽകിയ 35 കോടി വായ്‌പയുടെ തിരിച്ചടവ് ദീർഘനാളായി മുടങ്ങിയതിനെ തുടർന്ന്, സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ്പക്കു ഈടുനൽകിയ ആസ്തികൾ താൽക്കാലികമായി ഏറ്റെടുത്തതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നു.

ഇത് സംബന്ധിച്ചു ബാങ്ക് ദേവസത്തിനു നോട്ടീസ് നല്കികഴിഞ്ഞതായി മൈഫിൻപോയിന്റ്.കോം മനസ്സിലാക്കുന്നു

വായ്‌പ്പ നിഷ്ക്രിയ ആസ്തി ആയി മാറിയ പശ്ചാത്തലത്തിൽ, ബാങ്കിന്റെ ഭാഗത്തു നിന്ന് കടുത്ത നടപടികൾ ഒഴിവാക്കാനായി , ദേവസ്വം അധികൃതർ കുറച്ചു നാളുകളായി സൗത്ത് ഇന്ത്യൻ ബാങ്കുമായി ചർച്ചയിലായിരുന്നു.

പ്രധാനമായും ദേവസ്വത്തിന്റെ ഏറ്റവും പേരുകേട്ട ആസ്തിയായ നന്ദനം - അതായതു തിരുവമ്പാടി കൺവെൻഷൻ സെന്ററും, ഏതാനും ഭൂമികളുമാണ് എസ്ഐബിക്കു .ഈടു നൽകിയിരിക്കുന്നത്.

തിരുവമ്പാടി ദേവസ്വത്തിന്റെ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ദേവസ്വത്തിന്റെ കടം 70 കോടിയാണ്. ഇതിൽ എസ്‌ഐ‌ബിക്ക് മാത്രം നൽകാനുള്ളതു ഏകദേശം 35 കോടി രൂപയാണ്. ബാക്കിയുള്ള 40 കോടി രൂപ ചില വ്യക്തികളിൽ നിന്ന് അവരുടെ ഫണ്ട് ദേവസ്വത്തിൽ സുരക്ഷിതമായി പാർക്ക് ചെയ്യാനായി സമാഹരിച്ച തുകയാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് കുടിശ്ശിക എത്രയും വേഗം തീർപ്പാക്കണമെന്ന് ഏപ്രിൽ തന്നെ ദേവസ്വത്തിന് അന്ത്യശാസനം നൽകിയിരുന്നു .

അന്ന് എസ്ഐബിയുടേതുൾപ്പെടെയുള്ള കുടിശ്ശിക ഏറ്റെടുക്കാൻ ദേവസ്വം മറ്റ് ബാങ്കുകളെ സമീപിച്ചെങ്കിലും ഒരു ബാങ്കും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. എസ്‌ഐബിയുടെ വായ്പകൾ നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) മാറിയതിനാലാണ് മറ്റ് ബാങ്കുകൾ അനുകൂല നിലപാടുകൾ എടുക്കാഞ്ഞതെന്നു അന്ന് ദേവസ്വത്തിന്റെ ഒരു ഓഫീസർ മൈഫിന്നോടു പറഞ്ഞിരുന്നു .

2021-22 സാമ്പത്തിക വർഷത്തെ ദേവസ്വത്തിന്റെ ഓഡിറ്റർമാർ ‘വിയോജന’ കുറിപ്പിൽ, “ദേവസ്വത്തിന്റെ സാമ്പത്തിക ബാധ്യതയും നിലവിലെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്ത്, പണലഭ്യത ശക്തിപ്പെടുത്തുന്നതിന് കർശനമായ നടപടികൾ കൈക്കൊള്ളണം,” എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡിന് ശേഷം ദേവസ്വത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയെങ്കിലും വായ്പയും അവയുടെ സഞ്ചിത പലിശയും അടയ്‌ക്കുകയെന്നത് നിലവിലെ സാഹചര്യത്തിൽ ദേവസ്വത്തിന് ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്.



T