13 April 2025 12:01 PM IST
നിർദേശിച്ച പ്രകാരം ഷർട്ട് തയ്ച്ച് നൽകിയില്ല; 12,350 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
MyFin Desk
നിർദേശിച്ച പ്രകാരം ഷർട്ട് തയ്ച്ച് നൽകാത്ത ടെയ്ലറിങ് സ്ഥാപനം ഉപഭോക്താവിന് 12,350 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ നിർദേശം. തൃക്കാക്കര സ്വദേശി കൊച്ചിയിലെ ടെയ്ലറിങ് സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2023 ആഗസ്റ്റിലാണ് ഷർട്ടിന്റെ അളവ് നൽകി പുതിയ ഷർട്ട് തയ്ച്ച് നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ടെയ്ലറിങ് സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ, തയ്ച്ച് കിട്ടിയ ഷർട്ടിന്റെ അളവുകൾ തെറ്റായതിനാൽ ഉപയോഗിക്കാൻ കഴിയാത്തതായിരുന്നുവെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. തുടർന്ന് ഷർട്ട് ശരിയാക്കി നൽകണമെന്നാവശ്യപ്പെട്ടെങ്കിലും സ്ഥാപനം ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് അയച്ച നോട്ടീസിനും മറുപടി ലഭിച്ചില്ല. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വാഗ്ദാനം ചെയ്തതുപോലെ സേവനം നൽകുന്നതിൽ സ്ഥാപനം വീഴ്ച വരുത്തിയതായി ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. ഷർട്ടിന്റെ തയ്യൽ കൂലിയായ നൽകിയ 550 രൂപയും തുണിയുടെ വിലയായ 1,800 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെ 12,350 രൂപ 45 ദിവസത്തിനകം നൽകാനാണ് കേടതിയുടെ നിർദേശം.