image

30 May 2023 9:58 AM GMT

News

വിനിമയത്തിലുള്ള കറന്‍സിയുടെ 38% 500-ന്‍റെ നോട്ട്

MyFin Desk

bank rates | business news
X

Summary

  • 2022 -23ല്‍ നീക്കംചെയ്ത 2000 രൂപ നോട്ടുകളുടെ എണ്ണത്തില്‍ കുതിച്ചുകയറ്റം
  • 500 രൂപയുടെ കള്ളനോട്ടില്‍ 14.4% വര്‍ധന
  • മൂല്യത്തിലും അളവിലും 2000 രൂപ നോട്ടിന്‍റെ വിഹിതം ഇടിഞ്ഞു


2022-23ൽ രാജ്യത്ത് വിനമയത്തിലുള്ള നോട്ടുകളുടെ മൂല്യവും എണ്ണവും യഥാക്രമം 7.8 ശതമാനവും 4.4 ശതമാനവും വർധിച്ചതായി ആർബിഐ വാർഷിക റിപ്പോർട്ട്. 2021-22ൽ യഥാക്രമം 9.9 ശതമാനവും 5 ശതമാനവുമായിരുന്ന വര്‍ധന. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, 500, 2,000 രൂപ നോട്ടുകളുടെ മൊത്തം വിഹിതം മാർച്ച് 31ലെ കണക്ക് പ്രകാരം മൊത്തം ബാങ്ക് നോട്ടുകളുടെ 87.9 ശതമാനമാണ്. ഒരു വർഷം മുമ്പുള്ള കണക്കില്‍ ഇത് 87.1 ശതമാനമായിരുന്നു. എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ കണക്കെടുത്താല്‍ വിനിമയത്തിലുള്ള കറന്‍സിയുടെ 37.9 ശതമാനവും 500-ന്‍റെ നോട്ടുകളാണ്.

19.2 ശതമാനം വിഹിതവുമായി 10 രൂപയുടെ ബാങ്ക് നോട്ടുകളാണ് എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. മാർച്ച് അവസാനത്തിലെ കണക്ക് പ്രകാരം മൊത്തം 25,81,690 കോടി രൂപയുടെ മൂല്യം വരുന്ന 5,16,338 ലക്ഷം നോട്ടുകളാണ് 500 രൂപയുടേതായി ഉണ്ടായിരുന്നത്.. 2022 മാർച്ച് അവസാനത്തില്‍ 500 രൂപ നോട്ടുകളുടെ എണ്ണം 4,55,468 ലക്ഷമായിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ 2,000 രൂപ നോട്ടുകളുടെ എണ്ണം 4,55,468 ലക്ഷം ആയിരുന്നുവെന്നും ഇതിന് മൊത്തം 3,62,220 കോടി രൂപ മൂല്യമുണ്ടെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നു. എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ വിനിമയത്തിലുള്ള കറൻസിയുടെ 1.3 ശതമാനം മാത്രമാണ് 2000ന്‍റെ നോട്ടുകള്‍. മുൻസാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തില്‍ ഇത് 1.6 ശതമാനമായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ,2000 നോട്ടിന്‍റെ വിഹിതം 2022 മാർച്ച് അവസാനത്തെ 13.8 ശതമാനത്തിൽ നിന്ന് 10.8 ശതമാനത്തിലേക്ക് താഴ്ന്നു.

നിലവിൽ വിനിമയത്തിലുള്ള നോട്ടുകള്‍ 2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 200 രൂപ, 500 രൂപ, 2000 രൂപ എന്നിവയാണ്. പ്രചാരത്തിലുള്ള നാണയങ്ങളിൽ 50 പൈസയും 1 രൂപയും 2 രൂപയും 5 രൂപയും 10 രൂപയും 20 രൂപയും ഉൾപ്പെടുന്നു. 2000ന്‍റെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ കണക്കുകള്‍ പുറത്തുവന്നിട്ടുള്ളത്. 2000 രൂപയുടെ നോട്ട് കൈവശമുള്ളവർക്ക് അവ മാറ്റാനോ നിക്ഷേപിക്കാനോ സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.

തത്സമയ പരീക്ഷണ അടിസ്ഥാനത്തിൽ 2022-23 കാലയളവിൽ ആർബിഐ ഇ-രൂപയും ആരംഭിച്ചു. 2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് വിനിമയത്തിലുള്ള ഇ-രൂപ-വോള്‍സെയിലിന്‍റെ മൂല്യം 10.69 കോടി രൂപയും ഇ-രൂപ റീട്ടെയിലിന്‍റെ മൂല്യം 5.70 കോടി രൂപയുമാണ്.

2022-23 ലെ ബാങ്ക് നോട്ടുകളുടെ ഇൻഡന്റും വിതരണവും ഒരു വർഷം മുമ്പുള്ളതിനേക്കാൾ 1.6 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.മുൻവർഷങ്ങളെപ്പോലെ 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇൻഡന്റ് ഉണ്ടായിരുന്നില്ല. പഴക്കം ചെന്നതോ കേടുപാടുകള്‍ പറ്റിയതോ ആയ 4,824 ലക്ഷത്തോളം 2,000 രൂപ നോട്ടുകൾ 2022-23ല്‍ റിസർവ് ബാങ്ക് നീക്കം ചെയ്തു, മുന്‍ വർഷം ഇത് 3,847 നോട്ടുകള്‍ മാത്രമായിരുന്നു.

2021-22 നെ അപേക്ഷിച്ച് 20, 500 (പുതിയ ഡിസൈൻ) രൂപകളുടെ കള്ളനോട്ടുകളിൽ യഥാക്രമം 8.4 ശതമാനവും 14.4 ശതമാനവും വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. 10, 100, 2000 രൂപയുടെ കള്ളനോട്ടുകൾ യഥാക്രമം 11.6 ശതമാനവും 14.7 ശതമാനവും 27.9 ശതമാനവും കുറഞ്ഞു.