image

19 May 2023 5:01 AM GMT

News

ബദല്‍ നിക്ഷേപ ഫണ്ടുകളുടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സെബി ശുപാര്‍ശ

MyFin Desk

sebi recommends amendments to alternative investment funds regulations
X

Summary

  • കണ്‍സള്‍ട്ടേഷന്‍ പേപ്പറുകളില്‍ മേയ് 31 വരെ അഭിപ്രായമറിയിക്കാം
  • എഐഎഫുകളുടെ വായ്പകള്‍ കര്‍ക്കശ വ്യവസ്ഥയ്ക്ക് വിധേയമായി
  • ഫോറിൻ വെഞ്ച്വർ ക്യാപിറ്റൽ ഇൻവെസ്റ്റേഴ്‌സിന്റെ നിയന്ത്രണ ചട്ടക്കൂട് കാര്യക്ഷമമാക്കും


ബദൽ നിക്ഷേപ ഫണ്ടുകളെ (എഐഎഫ്) നിയന്ത്രിക്കുന്ന നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള നിർദേശവുമായി മൂലധന വിപണി നിയന്ത്രണ സ്ഥാപനമായ സെബി. കോർപ്പറേറ്റ് ഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളാണ് സെബി മുന്നോട്ടുവെക്കുന്നത്. ഇതു സംബന്ധിച്ച് അഭിപ്രായങ്ങള്‍ തേടിക്കൊണ്ട് സെബി കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയിട്ടുണ്ട്.

നിർദ്ദേശ പ്രകാരം, കാറ്റഗറി I, കാറ്റഗറി II AIF-കൾ നിക്ഷേപം നടത്തുന്നതിനായി നേരിട്ടോ അല്ലാതെയോ ഫണ്ടുകള്‍ വയ്പയെടുക്കുന്നത് തടയും. ഒരു നിക്ഷേപക കമ്പനിയിൽ നിക്ഷേപം നടത്തുമ്പോൾ, ചില നിബന്ധനകൾക്ക് വിധേയമായി, ഈ എഐഎഫുകൾക്ക്, നഷ്‌ടത്തിന്റെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി വായ്പയെടുക്കാം. ഈ എഐഎഫുകൾ ഇത്തരം കടമെടുക്കൽ അവസാന ആശ്രയമെന്ന നിലയിൽ അടിയന്തര ഘട്ടങ്ങളിൽ മാത്രമേ നടത്താവൂ എന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്.

വായ്പയെടുക്കുന്ന തുക നിക്ഷേപക കമ്പനിയിൽ നടത്താൻ ഉദ്ദേശിക്കുന്ന നിക്ഷേപത്തിന്റെ 10 ശതമാനത്തിൽ കവിയാൻ പാടില്ല. ഡ്രോഡൗൺ പേയ്‌മെന്റിൽ കാലതാമസം വരുത്തുകയോ വീഴ്ച വരുത്തുകയോ ചെയ്ത അത്തരം നിക്ഷേപകരിൽ നിന്ന് മാത്രമേ അത്തരം കടം വാങ്ങുന്നതിനുള്ള ചെലവ് ഈടാക്കാവൂ. കാറ്റഗറി I, കാറ്റഗറി II എഐഎഫ്-കൾ അനുവദനീയമായ ലിവറേജിന്റെ രണ്ട് കാലയളവുകൾക്കിടയിൽ 30 ദിവസത്തെ കൂളിംഗ് ഓഫ് പിരീഡ് നിലനിർത്തണം.

"കാറ്റഗറി I, II എഐഎഫ്-കൾക്കായി വായ്പയെടുക്കാൻ അനുമതി നൽകുന്നതിന് പിന്നിലെ റെഗുലേറ്ററി ഉദ്ദേശം, വായ്പയെടുക്കുന്ന ഫണ്ടുകൾ എഐഎഫിന്‍റെ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉപയോഗിക്കണമെന്നതാണ്, അല്ലാതെ നിക്ഷേപം നടത്തുന്നതിന് വേണ്ടിയല്ല," സെബി അഭിപ്രായപ്പെട്ടു. കൂടാതെ, എഐഎഫുകൾ അവരുടെ നിക്ഷേപങ്ങളോ സെക്യൂരിറ്റികളോ ഡീമെറ്റീരിയലൈസ് ചെയ്ത രൂപത്തിൽ മാത്രമേ കൈവശം വയ്ക്കാവൂ എന്നതും നിർബന്ധമാക്കാൻ റെഗുലേറ്റർ നിർദ്ദേശിച്ചു.

അംഗീകൃത നിക്ഷേപകർക്കുള്ള ലാർജ് വാല്യു ഫണ്ടിന്‍റെ (എൽവിഎഫ്) , കാര്യത്തില്‍ നിക്ഷേപത്തിന്റെ മൂല്യം അനുസരിച്ച് യൂണിറ്റ് ഹോൾഡർമാരിൽ മൂന്നിൽ രണ്ട് പേരുടെ അംഗീകാരത്തിന് വിധേയമായി, കാലാവധി നാല് വർഷം വരെ നീട്ടാൻ അനുവദിക്കണം.

വർഷങ്ങളായി തങ്ങളുടെ സ്കീമുകളിൽ ധനസമാഹരണമോ നിക്ഷേപ പ്രവർത്തനമോ ഇല്ലാതിരുന്നിട്ടും പല എഐഎഫുകളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതായി സെബി അഭിപ്രായപ്പെട്ടു. ഇത് പരിഗണിച്ച്, രജിസ്ട്രേഷൻ അനുവദിച്ച തീയതി മുതൽ തുടർന്നുള്ള അഞ്ച് വർഷത്തേക്ക് ബാധകമായ രജിസ്ട്രേഷൻ ഫീസിന്റെ 50 ശതമാനത്തിന് തുല്യമായ പുതുക്കൽ ഫീസ് എഐഎഫ് അടച്ചതായി എഐഎഫ് മാനേജർ ഉറപ്പാക്കണമെന്ന് സെബി നിർദ്ദേശിച്ചു. മെയ് 31 വരെയാണ് കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ അഭിപ്രായമറിയിക്കാന്‍ സെബി നല്‍കിയിട്ടുള്ളത്.

ഫോറിൻ വെഞ്ച്വർ ക്യാപിറ്റൽ ഇൻവെസ്റ്റേഴ്‌സിന്റെ (എഫ്‌വിസിഐ) രജിസ്‌ട്രേഷനുള്ള നിയന്ത്രണ ചട്ടക്കൂട് കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ കണ്‍സള്‍ട്ടേഷന്‍ പേപ്പറും സെബി പുറത്തിറക്കിയിട്ടുണ്ട്.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്ക് (എഫ്‍പിഐ) നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി, എഫ്‌വിസിഐകൾക്ക് രജിസ്‌ട്രേഷൻ അനുവദിക്കുന്നതിനും രജിസ്‌ട്രേഷന് ശേഷമുള്ള മറ്റ് റഫറൻസുകൾ പ്രോസസ്സ് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾക്ക് നിയുക്ത ഡിപ്പോസിറ്ററി പാർട്ടിസിപ്പന്റുകളെ (ഡിഡിപികൾ) നിയോഗിക്കുന്നതിന് സെബി നിര്‍ദേശിക്കുന്നു. നിലവിൽ, എഫ്വിസിഐകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതിനുള്ള അപേക്ഷകളുടെ പ്രോസസ്സിംഗും ബന്ധപ്പെട്ട സൂക്ഷ്മപരിശോധനയും സെബിയാണ് നടത്തുന്നത്.

കൂടാതെ, എഫ്‌പി‌ഐകൾക്ക് നിർദ്ദേശിച്ചിട്ടുള്ളതിന് അനുസൃതമായി, എഫ്‌വിസിഐകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കാര്യക്ഷമമാക്കണമെന്നും റെഗുലേറ്റർ നിർദ്ദേശിച്ചിട്ടുണ്ട്. എഫ്വിസിഐകൾ അവരുടെ നിക്ഷേപങ്ങൾ ഡീമാറ്റ് രൂപത്തിൽ സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചു.ഈ കണ്‍സള്‍ട്ടേഷന്‍ പേപ്പറിലും മെയ് 31 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.