30 April 2023 2:43 PM IST
Summary
- സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ സമയം നീട്ടണമെന്ന് ആവശ്യം
- സെബി അപേക്ഷയില്‍ ഒരു കണ്ടെത്തലും ഇല്ലെന്ന് അദാനി ഗ്രൂപ്പ്
- അന്വേഷണം സംശയാസ്പദമായ 12 ഇടപാടുകളില്‍
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണമെന്ന് വിപണി നിയന്ത്രകരായ സെബി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിന്‍ മേല്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് മാർച്ച് 2 ന് കോടതിസെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യയോട് (സെബി) ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം അന്വേഷണം സംബന്ധിച്ച് മേയ് 2ന് സ്റ്റാറ്റസ് സമർപ്പിക്കേണ്ടതായിരുന്നു, എന്നാൽ ഇന്നലെ അത് നീട്ടണമെന്ന് ആവശ്യപ്പെട്ട് സെബി അപേക്ഷ നൽകുകയായിരുന്നു. അദാനി ഗ്രൂപ്പ് അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തുന്നുവെന്നാണ് ജനുവരിയിൽ ഹിൻഡൻബർഗ് ആരോപിച്ചത്. കടം കുമിഞ്ഞുകൂടുമ്പോഴും, വരുമാനവും ഓഹരി വിലയും ഉയര്‍ത്തി നിര്‍ത്തുന്നതിനായി നികുതിപരിമിതമായ രാജ്യങ്ങളിലെ കമ്പനികളുടെ ഒരു ശൃംഖല ദുരുപയോഗം ചെയ്തതതായി ആരോപിക്കപ്പെടുന്നു.
എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ചട്ടലംഘനങ്ങൾ കണ്ടെത്തിയ കാര്യങ്ങളില്‍ അന്തിമമായ തീര്‍പ്പിലേക്ക് എത്തുന്നതിനും ലംഘനങ്ങള്‍ കണ്ടെത്താത്ത കാര്യങ്ങളെ സംബന്ധിച്ച് ഒന്നുകൂടി വിശദമായി പരിശോധിക്കുന്നതിനും ആറ് മാസം കൂടി വേണമെന്നാണ് ശനിയാഴ്ച സമർപ്പിച്ച അപേക്ഷയിൽ സെബി വിശദീകരിച്ചിട്ടുള്ളത്.
സംശയാസ്പദമായ 12 ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണണ് പുരോഗമിക്കുന്നത്. ഇവ സങ്കീർണ്ണവും നിരവധി ഉപഇടപാടുകള്‍ ഉള്‍പ്പെടുന്നതുമാണ്. ഈ ഇടപാടുകള്‍ സംബന്ധിച്ച് കൃത്യമായ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളുടെ ശേഖരണത്തോടൊപ്പം കമ്പനികൾ നടത്തിയിട്ടുള്ള സബ്‍മിഷനുകളുടെ സ്ഥിരീകരണം ഉൾപ്പെടെയുള്ള വിശദമായ വിശകലനം ആവശ്യമാണെന്നും സെബി അപേക്ഷയിൽ പറഞ്ഞു.
സെബിയുടെ അപേക്ഷയില്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതല്ലാതെ ഒരു സ്ഥിരീകരണവും നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും സമയം നീട്ടിച്ചോദിച്ചത് എന്തെങ്കിലും കണ്ടെത്തലുകളിലേക്ക് വിരല്‍ ചൂണ്ടുന്നില്ലെന്നും അദാനി ഗ്രൂപ്പ് പറയുന്നു.