image

5 Sept 2023 3:51 PM IST

News

ഭവന വായ്പയ്ക്ക് ഉത്സവകാല ഓഫറുകളുമായി എസ്ബിഐ

MyFin Desk

sbi with festive offers on home loans | State Bank of India | Breaking | Business | Top News
X

Summary

  • 2023 ഡിസംബര്‍ 31 വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്.
  • ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറിനനുസരിച്ചാണ് പലിശയില്‍ ഇളവ് ലഭിക്കുന്നത്.


ഭവന വായ്പ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഉത്സവകാല ഓഫറുകളുമായി എസ്ബിഐ. 2023 ഡിസംബര്‍ 31 വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്. സാധാരണ ഭവന വായ്പകള്‍, ഫ്‌ളെക്‌സി പേ, എന്‍ആര്‍ഐ, ശമ്പള വരുമാനക്കാരല്ലാത്തവര്‍ക്കുള്ള ഭവന വായ്പ, പ്രിവിലേജ് ഭവന വായ്പ, അപോണ്‍ ഘര്‍ എന്നീ വിഭാഗങ്ങളിലുള്ള വായ്പകള്‍ക്കെല്ലാം ആനുകൂല്യങ്ങളുണ്ട്.

ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറിനനുസരിച്ചാണ് പലിശയില്‍ ഇളവ് ലഭിക്കുന്നത്. ക്രെഡിറ്റ് സ്‌കോര്‍ 750 മുതല്‍ 800 വരെയോ അല്ലെങ്കില്‍ അതിനു മുകളിലോ ആണെങ്കില്‍ 0.55 ശതമാനം (55 ബേസിസ് പോയിന്റ്) ഇളവ് ലഭിക്കും. നിലവില്‍ ബാങ്കിന്റെ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് നിരക്ക് 9.15 ശതമാനമാണ്. എന്നാല്‍ ഇളവ് ലഭിക്കുന്നതോടെ ഉപഭോക്താക്കള്‍ 8.60 ശതമാനം പലിശ നല്‍കിയാല്‍ മതി.

ക്രെഡിറ്റ് സ്‌കോര്‍ 700 മുതല്‍ 749 വരെയാണെങ്കില്‍ ഇളവ് 0.65 ശതമാനമാണ്. നിലവില്‍ 700 മുതല്‍ 749 വരെ ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് 9.35 ശതമാനത്തിലാണ് ബാങ്ക് വായ്പ നല്‍കുന്നത്. എന്നാല്‍ ഓഫര്‍ കാലയളവില്‍ 8.70 ശതമാനം പലിശയ്ക്ക് വായ്പ എടുക്കാം.

ക്രെഡിറ്റ് സ്‌കോര്‍ 650 മുതല്‍ 699 വരെയാണെങ്കില്‍ ഇളവുകളൊന്നും ഇല്ല. ഈ വിഭാഗത്തിലുള്ളവര്‍ക്ക് 9.45 ശതമാനമാണ് പലിശ. ക്രെഡിറ്റ് സ്‌കോര്‍ 550 നും 649 നും ഇടയിലുള്ളവര്‍ക്കും പലിശയിളവ് ഇല്ല. ഈ വിഭാഗത്തിലുള്ളവര്‍ക്ക് പലിശ നിരക്ക് 9.65 ശതമാനമാണ്. ക്രെഡിറ്റ് സ്‌കോര്‍ 151 മുതല്‍ 200 വരെയാണെങ്കില്‍ 0.65 ശതമാനത്തിന്റെ ഇളവ് ലഭിക്കും. ഇതോടെ നിലവിലെ 9.35 ശതമാനത്തില്‍ നിന്നും പലിശ നിരക്ക് 8.70 ശതമാനത്തിലേക്ക് എത്തും.

മറ്റേതെങ്കിലും ബാങ്കുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഭവന വായ്പ എസ്ബിഐയിലേക്ക് മാറ്റിവയ്ക്കല്‍, മറിച്ച് വില്‍പ്പന, റെഡി ടു മൂവ് പ്രോപ്പര്‍ട്ടികള്‍ എന്നിവയ്ക്ക് 700 നു മുകളില്‍ ക്രെഡിറ്റ് സ്‌കോറുള്ള ഉപഭോക്താക്കള്‍ക്ക് 0.2 ശതമാനത്തിന്റെ അധിക ഇളവ് ലഭിക്കും. ശൗര്യ, ശൗര്യ ഫ്‌ളെക്‌സി, ശൗര്യ ഫ്‌ളെക്‌സി വിശിഷ്ട് എന്നീ ഉത്പന്നങ്ങള്‍ക്കും അധികമായി 0.10 ശതമാനം ഇളവ് ലഭിക്കും.

പ്രോസസിംഗ് ഫീസ്

ബാങ്ക് ഇളവ് നല്‍കുന്നുണ്ട്. സാധാരണ ഭവന വായ്പകള്‍ക്ക് കുറഞ്ഞത് 2000 രൂപയും ജിഎസ്ടിയും പരമാവധി 10,000 രൂപയും ജിഎസ്ടിയും അല്ലെങ്കില്‍ വായ്പത്തുകയുടെ 0.35 ശതമാനമാണ് പ്രോസസിംഗ് ഫീസായി നല്‍കേണ്ടത്. ഇതേ നിരക്ക് തന്നെയാണ് എന്‍ആര്‍ഐ, റിയല്‍റ്റി, മാക്‌സ്‌ഗെയിന്‍, സിആര്‍ഇ, ഫ്‌ളെക്‌സി പേ, ശമ്പള വരുമാനക്കാരല്ലാത്തവര്‍ക്കുള്ള വായ്പ, പിഎല്‍, ട്രൈബിള്‍ പ്ലസ്, പതിനഞ്ച് ലക്ഷത്തിനു മുകളിലള്ള അപോണ്‍ ഘര്‍ വായ്പ എന്നിവയ്ക്കും.

ബാധ്യതാ നിരാകരണം: ഈ ലേഖനത്തില്‍ നല്‍കിയിരിക്കുന്ന പലിശ നിരക്കുകള്‍ ബാങ്കുകളുടെ വെബ്‌സൈറ്റുകള്‍, ബാങ്കുമായി ബന്ധപ്പെട്ട മറ്റ് സ്രോതസുകള്‍ എന്നിവയില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ഇടപാടുകള്‍ നടത്തുന്നതിനു മുമ്പ് ബാങ്കുമായി ബന്ധപ്പെട്ട് നിരക്കുകള്‍ ഉറപ്പു വരുത്തണം. നിശ്ചിത കാലയളവില്‍ ബാങ്കുകള്‍ പലിശ നിരക്ക്, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്താറുണ്ട്.