5 Dec 2023 10:52 AM GMT
Summary
വർഷം 35 ലക്ഷം ടയറുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന നിർമ്മാണശാല 2026 ഓടെ ഉൽപ്പാദനം ആരംഭിക്കും
എണ്ണയിലുള്ള ആശ്രയം കുറച്ച് , ഉൽപ്പാദന സമ്പദ് വ്യവസ്ഥയിലേക്കു മാറുക എന്ന വളരെ തന്ത്ര പ്രധാനമായ നീക്കത്തിന്റെ ഭാഗമായി, 2030 ഓടെ ലോക ഓട്ടോമോട്ടീവ് മാനുഫാച്ചറിങ് ഹബായി മാറാൻ സൗദി അറേബ്യ തയ്യാറെടുക്കുന്നു. ഇതിന്റെ മുന്നോടിയായി, കാർ നിര്മ്മാണത്തിന് 50 കോടി ഡോളറിന്റെ ഒരു സംയുക്തസംരംഭത്തിന് ഹ്യുണ്ടായി മോട്ടോർ കമ്പനിയുമായും, ടയർ നിർമ്മാണത്തിന് 55 കോടി ഡോളറിന്റെ ഒരു സംയുക്തസംരംഭത്തിന് ലോകത്തെ ആറാമത്തെ ടയർ നിർമ്മാതാക്കളായ ഇറ്റലിയിലെ പറേലിയുമായി സൗദി കൈകോർക്കുന്നു.
അത്യാധുനിക കാറുകളായിരിക്കും ഹ്യുണ്ടായി-സൗദി സംയുക്തസംരം നിർമ്മിക്കുക. വർഷം 3 ലക്ഷം കാറുകൾ നിർമ്മിക്കാനാണു ഇവർ ലക്ഷ്യമിടുന്നത്. 2030 ൽ ഇവരുടെ ആദ്യ കാർ പുറത്തു വരും. സൗദി സർക്കാരിന്റെ നിക്ഷേപ കമ്പനി ആയ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടായിരിക്കും ഈ സംയുക്തസംരംഭത്തിൽ നിക്ഷേപം നടത്തുക.
ടയർ സംയുക്തസംരംഭത്തിൽ , സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് 75 ശതമാനവും, പറേലിക്കു 25 ശതമാനവുമായിരിക്കും ഓഹരി പങ്കാളിത്തം. ഇറ്റാലിയൻ കമ്പനിക്കു സാങ്കേതിക വിദ്യയിലും, നിർമ്മാണത്തിലും, വിതരണത്തിലും പുതിയ സംരംഭത്തെ സഹായിക്കുക എന്നതായിരിക്കും മുഖ്യ ചുമതല. സൗദിയിലെ ആദ്യത്തെ സമ്പൂർണ ടയർ നിര്മാണശാല ആയിരിക്കും ഇത്.
വർഷം 35 ലക്ഷം ടയറുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന നിർമ്മാണശാല 2026 ഓടെ ഉൽപ്പാദനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉന്നത ഗുണനിലവാരമുള്ള, വലിയ യാത്ര വാഹങ്ങളുടെ ടയറുകളായിരിക്കും ഇവിടെ നിർമ്മിക്കുക എന്ന് പറേലി അറിയിച്ചു. പറേലി ബ്രാൻഡ് നെയിമിൽ നിർമ്മിക്കുന്ന ടയറുകൾ ലോക്കൽ ബ്രാന്ഡായിട്ടായിരിക്കും വിൽക്കുക.
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ( പി ഐ എഫ് ) ലോകത്തിലെ ഏറ്റവും അധികം സമ്പന്നമായ സൊവർജിൻ വെൽത്ത് ഫണ്ടുകളിൽ ( എസ് ഡബ്ല്യൂ എഫ് - ഒരു രാജ്യത്തിന്റെ നിക്ഷേപ ആസ്തി) ഒന്നാണ്. രാജ്യത്തെ വാഹനനിർമ്മാണ - അനുബന്ധ മേഖലയിൽമാത്രം 700 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് പി ഐ എഫ് പദ്ധതിയിടുന്നത്. സൗദിയുടെ സ്വന്തം ഇലട്രിക് കാറായ .സീർ``'' ന്റെ നിർമ്മാണത്തിലും, അമേരിക്കൻ ആഡംബര ഇലക്ട്രിക് സ്പോർട്സ് കാറായ ലൂസിഡ് സൗദിയിൽ സെപ്റ്റംബറിൽ ആരംഭിച്ച നിർമ്മാണശാലയിലും പി ഐ എഫ് നിക്ഷേപ൦ നടത്തിയിട്ടുണ്ട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസ്സീസ് രാജകുമാരൻ നയിക്കുന്ന സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 2017 മുതൽ 90 റിലധികം സംരംഭങ്ങളിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. പല ഇന്ത്യൻ സംരംഭങ്ങളിലും, പി ഐ എഫ് സാമ്പത്തിക പങ്കാളികളാണ്.
ടയർ നിർമ്മാണത്തിലേക്കുള്ള സൗദിയുടെ ചുവടുമാറ്റ൦ ഇന്ത്യൻ ടയർ വ്യവസായത്തെ ദോഷമായി ബാധിക്കും. ഇന്ത്യ ഒരു വര്ഷം സൗദിയിലേക്ക് കയറ്റി അയക്കുന്നത് 2 .6 ബില്യൺ ഡോളറിന്റെ ചരക്കുകളാണ്, ഇതിൽ നല്ലൊരു ഭാഗം ഓട്ടോമൊബൈൽ ടയറുകളും, ട്യൂബുകളുമാണ്.