5 Dec 2023 10:32 AM
സൗദി അറേബ്യയിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഉടന്‍ ട്രാക്കിലെത്തുമെന്ന് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സലേഹ് അല്‍ ജാസെര്‍. 'ഇതര ഊര്‍ജ്ജ സംവിധാനങ്ങളിലേക്കു മാറുന്നതോടെ യാത്രാ ചെലവില്‍ കാര്യമായി കുറവുണ്ടാകുമെന്നും' ദുബായില്‍ വെച്ചു നടക്കുന്ന സിഒപി28 ല്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം സൗദി അറേബ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു, ഇത് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ സീറോ കാര്‍ബണ്‍ എമിഷന്‍, പരിസ്ഥിതി സൗഹൃദം എന്നിവയ്ക്ക് പേരുകേട്ടതാണ്.
ഉയരുന്ന ജനസംഖ്യ ഗതാഗതത്തിന്റെ ഉയര്‍ന്ന ഉപയോഗത്തിനു കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഗാതാഗത മേഖല വികസിപ്പിക്കുന്നത് പരിസ്ഥിതിയുടെ ചെലവില്‍ വരും. കാലാവസ്ഥ വ്യതിയാനം, കാര്‍ബണ്‍ പുറന്തള്ളല്‍, മലിനീകരണം എന്നിവയുടെ വര്‍ധനയ്ക്കുള്ള പ്രധാന കാരണം ഗാഗത മേഖലയാണ്.
സൗദി അറേബ്യയില്‍ ഗതാഗത മേഖലയാണ് കാര്‍ബണ്‍ പുറന്തള്ളലില്‍ രണ്ടാം സ്ഥാനത്തുള്ളത്. അതിനു പിന്നില്‍ 19 ശതമാനം കാര്‍ബണ്‍ പുറന്തള്ളല്‍ നടത്തുന്ന ഊര്‍ജ്ജ മേഖലയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സൗദി ഗ്രീന്‍ ഉദ്യമത്തിന് തുടക്കം കുറിച്ചത് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ്. സുസ്ഥിരത കൈവരിക്കുന്നതിനും അത് പാരിസ്ഥിതിക സംരംഭങ്ങളുടെ കാതലാക്കുന്നതിലും എത്രത്തോളം ശ്രദ്ധ നല്‍കണം എന്നതിന് അടിവരയിടുന്നതാണ് ഈ പദ്ധതിയെന്നും അല്‍ ജാസര്‍ പറഞ്ഞു. 2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 267 ദശലക്ഷം ടണ്ണായി കുറയ്ക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. 2030 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 18 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഗതാഗത തന്ത്രം വികസിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗദിയിലെ സുസ്ഥിര ഗതാഗത പദ്ധതികള്‍ അതിന്റെ ലക്ഷ്യങ്ങളിലേക്ക് അടുക്കുകയാണ്. വിഷന്‍ 2030 ന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. 'രാജ്യത്തെ കാര്‍ബണ്‍ കുറയ്ക്കല്‍ ലക്ഷ്യങ്ങള്‍ നാല് വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. അതിനുള്ള പ്രധാന കാരണം ജനസംഖ്യാ വളര്‍ച്ചയാണ്, അതുമൂലം ഗതാഗത ഉപയോക്താക്കളുടെ എണ്ണവും വര്‍ധിക്കുന്നു. രണ്ടാമത്തെ വെല്ലുവിളി, കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളലുള്ള സാങ്കേതികവിദ്യകളിലേക്കുള്ള പരിവര്‍ത്തനമാണ്. കാരണം അതിനായി ഉയര്‍ന്ന ചെലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്‍.
മൂന്നാമത്തെ വെല്ലുവിളി എഞ്ചിനുകളെ സംബന്ധിക്കുന്നതാണ്. ഇന്ധനം ഉപയോഗിക്കുന്ന കാറുകള്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറ്റുന്നതിന് വൈദ്യുതോര്‍ജ്ജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്, അത് ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്നു വേണം ഉത്പാദിപ്പിക്കാന്‍. 2030 ആകുമ്പോഴേക്കും 50 ശതമാനം ഊര്‍ജ്ജവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നായിരിക്കണമെന്നാണ് സൗദി ആഗ്രഹിക്കുന്നതെന്നും ഇത് വെല്ലുവിളിയാണെന്നും അല്‍ ജസാര്‍ പറഞ്ഞു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍, സംരംഭങ്ങള്‍ എന്നിവയ്ക്കാവശ്യമായ ഡാറ്റയുടെ ലഭ്യതയുമായി ബന്ധപ്പെട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അവയെപ്പോഴും പൂര്‍ണമാകണമെന്നില്ല.
ഇലക്ട്രിക് കാറുകളുടെ വില കുറയുന്നതും ഉപഭോക്താക്കള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. സര്‍ക്കാര്‍ ഇലക്ട്രിക് കാറുകളുടെ ഉപയോഗം പിന്തുണയ്ക്കും വിധത്തില്‍ നിയമ നിര്‍മ്മാണങ്ങള്‍ നടത്താനുദ്ദേശിക്കുന്നതായും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന സാങ്കേതിക വിദ്യകളും പദ്ധതകിളും നടപ്പിലാക്കാനും ആവശ്യമായ നിയമ നിര്‍മ്മാണ സംവിധാനം സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ആഴ്ച്ചയിലെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണത്തില്‍ കുറവു വരുത്തിയാണ് പല സര്‍ക്കാര്‍ വകുപ്പുകളും ഗതാഗതത്തില്‍ കുറവു വരുത്തുന്നത്. കൂടാതെ, റിയാദിലും മറ്റും പൊതു ഗതാഗത സംവിധാനങ്ങളായ മെട്രോ, ബസ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതോടൊപ്പം സംയോജിത പൊതു ഗതാഗതം നടപ്പിലാക്കാനും ഉദ്ദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.