26 Dec 2023 10:57 AM GMT
Summary
- അറുപതോളം വിഭവങ്ങളാണ് സ്റ്റാളില്‍ വിപണനത്തിനായി ഒരുക്കിയിട്ടുള്ളത്
- കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സരസ് മേളയിലാണ് സ്റ്റാൾ
- 70 മുതല്‍ 350 രൂപ വരെ വിലയുള്ള വിഭവങ്ങള്‍ ഇവിടെ ലഭിക്കും
ചക്ക കൊണ്ട് പരമാവധി എത്ര വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും? ഏകദേശം പത്ത് വിഭവങ്ങള്‍ എന്നായിരിക്കും ഒരു ശരാശരി മലയാളിയുടെ മറുപടി. എന്നാല്‍ 60 ചക്ക വിഭവങ്ങള്‍ ഒരുക്കിക്കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ആലപ്പുഴയിലെ സ്‌നേഹ കുടുംബശ്രീ യൂണിറ്റ്.
കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സരസ് മേളയിലാണ് ഒരു 'ചക്ക ലോകം' തന്നെ ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ സ്വദേശികളും സംരംഭകരുമായ സ്‌നേഹ, ജ്യോതി എന്നിവരാണ് 'ചക്ക ലോക'ത്തിന് പിന്നില്‍. വ്യത്യസ്തമായ സ്റ്റാള്‍ സന്ദര്‍ശിക്കാനും വിഭവങ്ങള്‍ വാങ്ങാനും നിരവധി പേരാണ് എത്തുന്നത്.
ചക്ക വറുത്തത്, ചക്ക അവലോസുപൊടി, ചക്ക ലഡു, ചക്ക ബിസ്‌ക്കറ്റ്, ചക്ക പപ്പടം, ചക്കക്കുരു ചമന്തി, ചക്ക വരട്ടിയത്, ചക്ക സ്‌ക്വാഷ്, ചക്ക അച്ചാര്‍, ചക്ക അലുവ, ചക്ക മില്‍ക്ക് കേക്ക്, ചക്കക്കുരു ചെമ്മീന്‍ റോസ്റ്റ്, ചക്ക ജാം, ചക്ക ഉണക്കിയത്, ചക്കയുണ്ട്, ചക്ക തിര, ചക്ക മാവ്, ചക്ക സ്വര്‍ക്കയില്‍ ഉണ്ടാക്കിയ ചെമ്മീന്‍ അച്ചാര്‍ തുടങ്ങി അറുപതോളം വിഭവങ്ങളാണ് സ്റ്റാളില്‍ വിപണനത്തിനായി ഒരുക്കിയിട്ടുള്ളത്. 70 മുതല്‍ 350 രൂപ വരെ വിലയുള്ള വിഭവങ്ങള്‍ ഇവിടെ ലഭിക്കും.