28 Dec 2023 11:38 AM GMT
Summary
ജാതിക്കയുടെ പരിപ്പും തോടും ജാതിപത്രിയും ഉപയോഗിച്ച് നിരവധി ഭക്ഷ്യോല്‍പന്നങ്ങളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്
പറമ്പില്‍ വീണു പോകുന്ന ജാതിക്ക തൊണ്ട് എന്ത് ഉപയോഗം എന്നാണോ? ജെസിയും മായയും പറയും ജാതിക്കയില്‍ ഒത്തിരി വൈവിധ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്. ജാതിക്ക സിറപ്പ് മുതല്‍ ജാതിക്ക ചമ്മന്തി പൊടി വരെ പുതിയ രുചി വൈവിധ്യങ്ങളുമായി ദേശീയ സരസ് മേളയില്‍ ശ്രദ്ധ നേടുകയാണ് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ ജെസ്സി മാത്യുവും മായ തോമസും. ജാതിക്കയുടെ കുരു മുതല്‍ തൊണ്ട് വരെയുള്ളവ കൊണ്ട് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി പരീക്ഷണത്തിനും പ്രയത്‌നത്തിനും ഒടുവില്‍ 'അലിയ നട്ട് മഗ് പ്രോജാക്റ്റ് ' എന്ന തങ്ങളുടെ സംരംഭം ശ്രദ്ധ നേടിയ സന്തോഷത്തിലാണ് ഇവര്‍. തിരുവനന്തപുരത്ത് നടന്ന കേരളീയത്തില്‍ ജാതിക്ക രുചികള്‍ പരിചയപ്പെടുത്തി ശ്രദ്ധ നേടിയ ആത്മവിശ്വാസത്തിലാണ് പുതിയ രുചികള്‍ പരിചയപ്പെടുത്താന്‍ കൊച്ചിയിലേക്ക് എത്തിയത്. നിരവധി ആളുകളാണ് വ്യത്യസ്തമായ ജാതിക്ക വിഭവങ്ങളുടെ സ്വാദ് അറിയാന്‍ ഇവരുടെ സ്റ്റാളിലേക്ക് എത്തുന്നത്.
വിപണിയില്‍ ഉയര്‍ന്ന മൂല്യവും വലിയ ഔഷധഗുണങ്ങളുമുള്ള ജാതിക്കയുടെ പരിപ്പും തോടും ജാതിപത്രിയും ഉപയോഗിച്ച് നിരവധി ഭക്ഷ്യോല്‍പന്നങ്ങളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. സിറപ്പ്, അച്ചാര്‍, ജാം, സ്‌ക്വാഷ്, കാന്‍ഡി, ജാതിക്ക പുളി ഇഞ്ചി, ഹെല്‍ത്ത് ഡ്രിങ്ക്, തുടങ്ങിയവ ഇവിടെ ലഭ്യമാണ്. ജനുവരി ഒന്നുവരെ സരസില്‍ ജാതിക്ക വിഭവങ്ങളുടെ പുതിയ രുചികള്‍ അറിയാം.